ഉദയഗിരി ● മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയിൽ 2026-ലെ പുതിയ ഓറിയന്റേഷൻ ബാച്ചിന് ഹൃദ്യമായ സ്വീകരണം നൽകി. ദൈവവിളിയോട് പ്രതിബദ്ധതയോടെ വൈദിക ശുശ്രൂഷയിലേക്കുള്ള യാത്ര ആരംഭിക്കുന്ന നവാഗതരെ സെമിനാരി കുടുംബം സ്വാഗതം ചെയ്തതോടെ പുതിയ ബാച്ചിന്റെ അക്കാദമിക-ആത്മീയ ജീവിതത്തിന് ഔപചാരിക തുടക്കമായി.
സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ നടന്ന ചടങ്ങ് സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈദിക ശുശ്രൂഷയ്ക്കായി ദൈവം വിളിച്ചവരെന്ന ബോധ്യത്തോടെ പ്രാർത്ഥനയും ആത്മീയ രൂപീകരണവും ദൈവശാസ്ത്ര പഠനവും സഭാശുശ്രൂഷയും സമന്വയിപ്പിച്ചുള്ള പരിശീലന യാത്രയിലേക്കാണ് വിദ്യാർത്ഥികൾ പ്രവേശിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവവിളിയോട് വിശ്വസ്തരായി സഭയ്ക്കും സമൂഹത്തിനും ഫലദായകമായ ശുശ്രൂഷകരായി വളരണമെന്ന് വിദ്യാർത്ഥികളെ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. സെമിനാരി ജീവിതം ആത്മീയ വളർച്ചയുടെയും അച്ചടക്കത്തിന്റെയും വിജ്ഞാനാർജ്ജനത്തിന്റെയും സമഗ്ര രൂപീകരണത്തിന്റെയും കാലഘട്ടമാണെന്നും, ദൈവം ഏൽപ്പിച്ച ദൗത്യത്തിന് വിശ്വസ്തരായി സ്വയം ഒരുക്കപ്പെടണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
സെമിനാരി ജീവിതം കേവലം അക്കാദമിക പഠനത്തിൽ ഒതുങ്ങുന്നതല്ലെന്നും, ആത്മീയ രൂപീകരണം, പ്രാർത്ഥനാനിഷ്ഠ, സഭാപാരമ്പര്യങ്ങളിലുള്ള പരിശീലനം, അച്ചടക്കജീവിതം, ശുശ്രൂഷാമനോഭാവം എന്നിവ വളർത്തിയെടുക്കുന്ന സമഗ്ര പരിശീലന പ്രക്രിയയാണെന്നും അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
“നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാനാകുന്നു നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുവാൻ ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു” (യോഹന്നാൻ 15:16) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് നവാഗതരെ സെമിനാരി കുടുംബം സ്വീകരിച്ചത്.
വന്ദ്യ ആദായി ജേക്കബ് കോർഎപ്പിസ്കോപ്പ, വന്ദ്യ മിഖായേൽ റമ്പാൻ, വന്ദ്യ സലീബ കൊള്ളന്നൂർ റമ്പാൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും നവാഗതർക്ക് ആശംസകൾ നേരുകയും ചെയ്തു. സെമിനാരി അധ്യാപകരും വൈദികരും വിദ്യാർത്ഥികളും ചേർന്നാണ് പുതിയ ബാച്ചിന് സ്വീകരണമൊരുക്കിയത്.



