പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ജന്മദിനത്തോടനുബന്ധിച്ച് പുത്തൻകുരിശ് പാത്രിയർക്കാസെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാനയും കബറിടത്തിൽ ധൂപപ്രാർത്ഥനയും ഭക്തിനിർഭരമായി നടന്നു.
പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് അനുസ്മരണ പ്രസംഗം നടത്തി. പിന്നീട് ശ്രേഷ്ഠ പിതാവിന്റെ കബറിടത്തിൽ ധൂപപ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. വൈദികരും സന്യാസിമാരും അനേകം വിശ്വാസികളും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.
ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സ്വർഗീയ മഹത്വത്തിൽ പ്രവേശിച്ചതിനുശേഷമുള്ള രണ്ടാം ജന്മദിനമാണ് ജൂലൈ 22. ജീവിച്ചിരുന്ന കാലത്ത് ഓരോ ജന്മദിനത്തിലും വിശിഷ്ട വ്യക്തികൾ അടക്കം നൂറുകണക്കിന് വിശ്വാസികളാണ് പുത്തൻകുരിശിലെത്തി ശ്രേഷ്ഠ ബാവായെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുകയും ജന്മദിനാശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നത്. ആ ഓർമ്മകൾ പുതുക്കിക്കൊണ്ടായിരുന്നു ഇത്തവണയും അനേകം വിശ്വാസികൾ പ്രാർത്ഥനാനിർഭരമായി പുണ്യപിതാവിന്റെ കബറിടത്തിലെത്തി പ്രാർത്ഥന അർപ്പിച്ചത്.







