കോതമംഗലം ● ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ വാർഷിക സമ്മേളനവും സ്തോത്രശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ സമാപനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു.
സഭാ വിശ്വാസപാരമ്പര്യങ്ങൾക്ക് അതീതമായി ദൈവവചനത്തിനുവേണ്ടി ക്രൈസ്തവർ ഒന്നായിത്തീരുകയും അതുവഴി ക്രൈസ്തവ ഐക്യം കൂടുതൽ ശക്തിപ്പെടുകയും വേണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിലൂടെ ദൈവത്തെ പ്രതിഫലിപ്പിക്കാൻ കഴിയുകയെന്ന് ബാവ പറഞ്ഞു. ദൈവവചന പ്രഘോഷണത്തിന്റെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി കൂടുതൽ തീക്ഷ്ണതയോടെയും സമർപ്പണബോധത്തോടെയും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ട സമയമാണിതെന്നും ബാവ കൂട്ടിച്ചേർത്തു.
പുതുപ്പാടി മരിയൻ അക്കാദമിയിൽ നടന്ന സമ്മേളനത്തിൽ ഓക്സിലിയറി പ്രസിഡന്റ് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. കവിത്തോ ജി. ഷിമോ മുഖ്യസന്ദേശം നൽകി.
ഓക്സിലിയറി വൈസ് പ്രസിഡന്റ് റവ. വി.എസ്. ഫ്രാൻസിസ്, അഭിവന്ദ്യ ഡോ. സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഏബ്രഹാം ചാക്കോ, അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രാൻസ്ലേഷൻ ഡിപ്പാർട്ട്മെന്റിന്റെയും കേരള ഓക്സിലിയറിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ മലയാളം ബൈബിൾ ഇൻ റോമൻ സ്ക്രിപ്റ്റ്, സപ്തതി ജൂബിലി സ്മരണിക എന്നിവയുടെ പ്രകാശനവും നടന്നു.
വിവിധ സഭകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് റവ. ഡോ. സി. ഐ. ഡേവിഡ് ജോയ്, പാസ്റ്റർ വൈ. റെജി, ഷെവ. ഷിബു തെക്കുംപുറം എം.എൽ.എ., പാസ്റ്റർ കെ. സി. ഉമ്മൻ, ലെഫ്റ്റനന്റ് കേണൽ ജേക്കബ് ജോൺ ജോസഫ്, സ്റ്റാർലാ ലൂക്ക്, ഡോ. സന്തോഷ് ജോൺ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കുടത്തിങ്കൽ, ട്രഷറർ ഡോ. സാബു ടി. തോമസ്, സമ്മേളന ജനറൽ കൺവീനർ ഷെവ. പ്രഫ. ബേബി എം. വർഗീസ്, മുൻ ഓക്സിലിയറി സെക്രട്ടറി റവ. മാത്യു സ്കറിയ, ഷെവ. ഡോ. കോശി എം. ജോർജ്, ഡോ. ആഷ്ലി ജോസഫ്, ടി. ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
2025–2026 സാമ്പത്തിക വർഷത്തിൽ വിഭവസമാഹരണത്തിൽ മികവ് പുലർത്തിയ ബ്രാഞ്ചുകൾക്കും റീജിയണുകൾക്കും, മേരി ജോൺസ് കാർഡ് കളക്ഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രാഞ്ചുകൾക്കും വ്യക്തികൾക്കും ട്രോഫി, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള സഭാ പ്രതിനിധികൾ, വൈദികർ, ശുശ്രൂഷകർ, ബ്രാഞ്ച് പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഓക്സിലിയറി കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ്, ബ്രാഞ്ച് ഭാരവാഹികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.





