കോതമംഗലം ● കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയിൽ നവീകരിച്ച കൊടിമരത്തിന്റെ കൂദാശ കർമ്മം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഇടവക നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നവീകരിച്ച കൊടിമര സമർപ്പണം നടത്തിയത്. തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വൈദികരും, ഇടവക ഭാരവാഹികളും, വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളിയിലെ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിഭാവനം ചെയ്ത വൃക്ഷത്തൈ നടീൽ കർമ്മത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ ശ്രേഷ്ഠ ബാവ നിർവഹിച്ചു. പള്ളി അങ്കണത്തിൽ ബാവ വൃക്ഷത്തൈ നട്ടു.
ചടങ്ങിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, ട്രസ്റ്റിമാരായ കുര്യാക്കോസ് എം.പി മറ്റമന, എൽദോസ് മാത്യു സി. ചെരകുന്നേൽ പാറപ്പാട്ട് എന്നിവർ നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശേഷം ശ്രേഷ്ഠ കാതോലിക്ക ബാവ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ഇടവകയുടെ ആത്മീയവും ഭൗതികവുമായ പ്രവർത്തനങ്ങൾക്ക് ആശീർവാദം നൽകുകയും ചെയ്തു.










