പത്തനംതിട്ട ● മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ മുൻ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തയുടെ 22-ാം ഓർമ്മപ്പെരുന്നാൾ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ ഭക്തിനിർഭരമായി ആചരിച്ചു.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മഞ്ഞിനിക്കര ദയറായുടെ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബി ആര്യാട്ട്, ഫാ. എൽദോസ് വെള്ളരിങ്ങൽ എന്നിവർ സഹകാർമികരായിരുന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മോർ മിലീത്തിയോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.
വിശുദ്ധ കുർബ്ബാനയ്ക്കുശേഷം പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും, പുണ്യശ്ലോകരായ സഭാപിതാക്കന്മാരുടെയും കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് നേർച്ച വിതരണം നടത്തപ്പെട്ടു. വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ വൈദീകരുടെയും, വിശ്വാസികളുടെ സാന്നിധ്യത്തിൽ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾ ഭക്ത്യാദരപൂർവം സമാപിച്ചു.


