പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി സ്ഥാപിതമായ ബിബ്ലിക്കൽ അക്കാഡമിക്ക് “ബസേലിയോസ് തോമസ് കാതോലിക്കോസ് ബിബ്ലിക്കൽ അക്കാഡമി” (ബി.ടി.സി.ബി.എ) എന്ന് നാമകരണം ചെയ്തതായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രഖ്യാപിച്ചു.
വിശുദ്ധ വേദപുസ്തകവും, പരിശുദ്ധ സഭയുടെ സത്യവിശ്വാസവും, ആരാധനയും, ദൈവശാസ്ത്രവും ആത്മായർക്ക് ആഴത്തിൽ പഠിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച അക്കാഡമി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുന്നതായി ശ്രേഷ്ഠ ബാവ വിശ്വാസികൾക്ക് അയച്ച കല്പനയിൽ അറിയിച്ചു.
അക്കാഡമിയുടെ പുതിയ പ്രിൻസിപ്പലായി വൈദീക സെമിനാരി അദ്ധ്യാപകനായ കൂളിയാട്ടിൽ ഫാ. ഷിബു ചെറിയാനെ നിയമിച്ചതായും ശ്രേഷ്ഠ ബാവ അറിയിച്ചു. അക്കാഡമിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച മാരാംകണ്ടത്തിൽ വന്ദ്യ ഡോ. ജോസഫ് കോർഎപ്പിസ്കോപ്പായോട് ബാവ പ്രത്യേക നന്ദി രേഖപ്പെടുത്തി.
ബസേലിയോസ് തോമസ് കാതോലിക്കോസ് ബിബ്ലിക്കൽ അക്കാഡമി നടത്തുന്ന വിവിധ പഠനപരിപാടികളിലും കോഴ്സുകളിലും വിശ്വാസികൾ പങ്കുചേർന്ന് പഠിക്കുന്നത് അവരുടെ ആത്മീയ വളർച്ചയ്ക്കും സഭാപാരമ്പര്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് കാതോലിക്കാ ബാവ ഉത്ബോധിപ്പിച്ചു.
സഭയുടെ വിശ്വാസപൈതൃകവും ആത്മീയ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ അക്കാഡമി നിർണായക പങ്കുവഹിക്കുമെന്നും, സഭയുടെ ഭാവിയെ ശക്തിപ്പെടുത്തുന്ന ആത്മീയ-വിദ്യാഭ്യാസ കേന്ദ്രമായി ഇത് വളരുമെന്ന പ്രത്യാശയും ശ്രേഷ്ഠ ബാവ പ്രകടിപ്പിച്ചു.
