എഡ്മൺട്ടൺ ● കാനഡയിൽ ആദ്യമായി സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസ് (SCOOCH) യോഗം സംഘടിപ്പിച്ച് എഡ്മൺട്ടണിലെ സുറിയാനി ഓർത്തഡോക്സ് സഭ ചരിത്രനേട്ടം കുറിച്ചു. ജൂൺ 10-ന് നടന്ന സ്കൂച്ച് (SCOOCH) ആൽബർട്ട യൂണിറ്റിന്റെ പ്രഥമ സമ്മേളനത്തിൽ വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ വൈദികരും അൽമായ നേതാക്കളും പങ്കെടുത്തു.
വടക്കേ അമേരിക്കയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയിലെ ‘സ്കൂച്ച്’ കോർ ഡെലിഗേറ്റ് ടീമംഗം കൂടിയായ മെത്രാപ്പോലീത്ത, സഭകൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ, പരസ്പര സഹകരണം, ഐക്യം, സൗഹൃദം എന്നിവ സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സമ്മേളനത്തിൽ താൽക്കാലിക കമ്മിറ്റി രൂപീകരിച്ചു. ഫാ. റെവിസ് റോഫായേൽ (ചെയർമാൻ), ഫാ. തോമസ് കെ. പൂതിക്കോട്ട് (സെക്രട്ടറി), ഫാ. പൗലോസ് ടെകസ്റ്റേ (കോ-ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കോപ്റ്റിക് ഓർത്തഡോക്സ്, എറിത്രിയൻ ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ്, സുറിയാനി ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കോപ്റ്റിക് ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാ. റെവിസ് റോഫായേൽ, ഡീക്കൻ ബേസിൽ ഇലിയാസ് എന്നിവരും, എറിത്രിയൻ ഓർത്തഡോക്സ് സഭയിൽ നിന്ന് ഫാ. സെമരെ സിഭാതു, ഫാ. ഡെബ്രെറ്റ്സിയോൻ അരായ, ഫാ. പൗലോസ് ടെകസ്റ്റേ എന്നിവരും പങ്കെടുത്തു. എത്യോപ്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാ. മെസ്മിർ കാസ്സ, ഫാ. ഫാസിൽ മുലുഗേറ്റ, ഷൈംസ് മെറേസ എന്നിവരും സമ്മേളനത്തിന്റെ ഭാഗമായി.
ആതിഥേയരായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘത്തിന് ഇടവക വികാരിയും പ്രസിഡന്റുമായ ഫാ. തോമസ് കെ. പൂതിക്കോട്ട് നേതൃത്വം നൽകി. ഫാ. വർഗീസ് തെക്കേക്കര, ക്നാനായ അതിഭദ്രാസനത്തെ പ്രതിനിധീകരിച്ച് ഫാ. ജേക്കബ് ടി.ഐ., ഡീക്കൻ ഡോ. സിനോജ് എബ്രഹാം, ഡീക്കൻ ഡോ. ജോബിൻ ചാക്കോ, അബി നെല്ലിക്കൽ, ബേസിൽ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വവും ഭാവി പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചതായി സംഘാടകർ വ്യക്തമാക്കി.


