ജൂൺ 11 – പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി വന്ന് വളരെ കഷ്ടപ്പാടുകൾ സഹിച്ച് മലങ്കരയിൽ എത്തി സത്യവിശ്വാസം നിലനിർത്തിയ പുണ്യശ്ലോകനായ മോർ ശെമവൂൻ അത്താനാസിയോസ് തിരുമേനിയുടെ 137-മത് ഓർമ്മപ്പെരുന്നാൾ ഇന്ന് ആചരിക്കുന്നു.
1849-ൽ പരിശുദ്ധ യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിലേക്കയച്ച മോർ അത്താനാസിയോസ് സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ കൂടെയാണ് വന്ദ്യ ശെമവൂൻ റമ്പാച്ചൻ ആദ്യമായി മലങ്കരയിൽ വന്നത്. എട്ട് വർഷം മലങ്കരയിൽ താമസിച്ചതിനുശേഷം ശീമയിലേക്ക് മടങ്ങി.
മലങ്കരയിൽ നവീകരണക്കാരുടെ പ്രവർത്തനം മൂലം ഉണ്ടായിക്കൊണ്ടിരുന്ന പ്രതിസന്ധികൾ നേരിട്ടതായ കാലത്ത് മലങ്കര മെത്രാപ്പൊലീത്തായായിരുന്ന പുലിക്കോട്ടിൽ മോർ ദീവന്നാസിയോസ് ജോസഫ് തിരുമേനിയും, പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയും ചേർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അടുക്കൽ സങ്കടം അറിയിച്ചു.
വന്ദ്യ ശെമവൂൻ റമ്പാച്ചനെ 1880-ൽ പരി. പത്രോസ് പാത്രിയർക്കീസ് ബാവ മോർ അത്താനാസിയോസ് ശെമവൂൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലങ്കരയിലേക്ക് അയച്ചു. കൂടെ സ്ലീബ ശെമ്മാശനും എത്തിച്ചേർന്നു. 1881 ജനുവരി മാസം ഒന്നാം തീയതി മലങ്കരയിലെത്തിയ ഇരുവരും കോട്ടയം പുത്തൻപള്ളിയിൽ താമസിച്ചു.
കോട്ടയം പഴയ സെമിനാരിയും, കോട്ടയം ചെറിയപള്ളിയും നവീകരണക്കാരുടെ കൈവശമായതിനാൽ സത്യവിശ്വാസികൾ കോട്ടയം പുത്തൻപള്ളി സ്ഥാപിച്ച് ആരാധന നടത്തി വന്നിരുന്നു. മോർ അത്താനാസിയോസ് ശെമവൂൻ തിരുമേനിയും, സ്ലീബാ ശെമ്മാശനും കോട്ടയം പുത്തൻപള്ളിയിൽ താമസിച്ച് സത്യവിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിച്ചു.
1889-ൽ കോട്ടയം പഴയസെമിനാരി, പുലിക്കോട്ടിൽ മോർ ദീവന്നാസിയാസ് ജോസഫിന് കോടതി വിധിമൂലം ലഭിച്ചപ്പോൾ മോർ അത്താനാസിയോസ് ശെമവൂൻ തിരുമേനിയും, സ്ലീബാ ശെമ്മാശനും പഴയ സെമിനാരിയിലേക്ക് താമസം മാറ്റി.
1881 മുതലുള്ള എട്ടുവർഷത്തെ സത്യവിശ്വാസ സംരക്ഷണത്തെ പ്രതിയുള്ള കഠിനാധ്വാനത്തെ തുടർന്ന് മോർ അത്താനാസിയോസ് ശെമവൂൻ തിരുമേനി 1889 ജൂൺ 11-ന് പഴയസെമിനാരിയിൽ വെച്ച് കാലം ചെയ്തു. മോർ അത്താനാസിയോസ് ശെമവൂൻ ബാവയെ ദീർഘകാലം താമസിച്ച കോട്ടയം മോർ ബർസൗമാ പുത്തൻപള്ളിയിൽ കബറടക്കി.
ശെമവൂൻ മോർ അത്താനാസിയോസ് തിരുമേനി പോലുള്ള അനേകം സുറിയാനി പിതാക്കന്മാർ സ്വന്തം ദേശത്തിൽ നിന്നും കഷ്ടതകൾ സഹിച്ച് മലങ്കര മണ്ണിൽ വന്ന് നമ്മെ സത്യവിശ്വാസത്തിൽ നിലനിർത്തി, മലങ്കര മണ്ണിൽ കബറടങ്ങിയിരിക്കുന്നു. പുണ്യശ്ലോകനായ മോർ ശെമവൂൻ അത്താനാസിയോസ് അന്ത്യോഖ്യാ മലങ്കര ബന്ധത്തിൻ്റെ മങ്ങാത്ത സ്മാരകമായി പ്രശോഭിക്കുന്നു.
