മുളന്തുരുത്തി ● ദൈവത്തിനും സഭയ്ക്കും വേണ്ടി വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ സമർപ്പിച്ച ത്യാഗനിർഭരമായ പൗരോഹിത്യ ജീവിതം ഒരിക്കലും നിഷ്ഫലമാകില്ലെന്നും, അത് വിശ്വാസസമൂഹത്തിന് എന്നും പ്രത്യാശയുടെ പ്രകാശമായി നിലനിൽക്കുമെന്നും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. മുളന്തുരുത്തി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും, 72-ാം ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ബസേലിയോസ് ക്ലീമീസ് ബാവ.
സഭയുടെ ഏത് ശുശ്രൂഷയിലായാലും അചഞ്ചലമായ വിശ്വാസത്തോടും ആത്മസമർപ്പണത്തോടും കൂടിയ വന്ദ്യ വൈദികന്റെ പ്രവർത്തനം വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ജീവിതമാതൃകയാണെന്നും, എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ സമീപനം സമൂഹത്തിന് വലിയ സന്ദേശമാണെന്നും മാർ ക്ലീമീസ് ബാവ പറഞ്ഞു. വിവിധ കാരണങ്ങളാൽ ലോകത്ത് മുറിഞ്ഞുപോകുന്ന മാനുഷിക ബന്ധങ്ങളെ പുനഃസ്ഥാപിക്കാനും അവയെ ആത്മീയമായ കണ്ണികളാൽ കോർത്തിണക്കാനും വന്ദ്യ വൈദികനെ പോലെ കരുണയും കൃപയുമുള്ള ആത്മാക്കളുടെ നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ ജീവചരിത്ര ഗ്രന്ഥം കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ പ്രതിസന്ധികളുടെ നാളുകളിൽ സഹനത്തിന്റെ വഴികളിലൂടെ പീഡനങ്ങൾ സഹിച്ചും സത്യവിശ്വാസം മുറുകെപ്പിടിച്ചും സഭയെ നയിച്ച വ്യക്തിത്വമാണ് വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ വിശ്വാസസംരക്ഷണ പോരാട്ടവും ദീർഘകാല വൈദിക ശുശ്രൂഷകളും മാനിച്ച് പരിശുദ്ധ സഭ ‘വിശ്വാസത്തിന്റെ കാവൽഭടൻ’ എന്ന നാമം നൽകി ആദരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ ഈ ആദരം സമർപ്പിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം സിനിമാതാരം ധ്യാൻ ശ്രീനിവാസൻ നിർവഹിച്ചു. മുളന്തുരുത്തി ദയ ചാരിറ്റബിൾ ട്രസ്റ്റ്, പൗരാവലി, വൈ.എം.സി.എ, സാമുദായിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ നടന്ന സമ്മേളനത്തിൽ എം.പി മാരായ ബെന്നി ബഹനാൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എ മാരായ അഡ്വ. അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻ എം.എൽ.എ സാജു പോൾ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ സോമൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ ജോഷി, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയ് ഹരിദാസ്, എൻ.എസ്.എസ് കണയന്നുർ താലൂക്ക് പ്രസിഡൻ്റ് ഡോ. എൻ.സി ഉണ്ണികൃഷ്ണൻ, കാഞ്ഞിരമറ്റം പള്ളി ഇമാം അൻസാരി ഉസ്താദ്, എസ്.എൻ.ഡി.പി കണയന്നുർ താലൂക്ക് പ്രസിഡൻ്റ് മഹാരാജ ശിവനന്ദൻ, ഫാ. തോമസ് മ്യാലിൽ, ഫാ. ജോസ് പാറപ്പുറം, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ജോഷ്വാ ജോൺ, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, റോയൽ ഒമാനിയ ട്രാവൽസ് ഡയറക്ടർ ബോർഡ് മെമ്പർ കെ.കെ ഡാനി, സംഘാടകരായ അഡ്വ. റീശ് പുത്തൻവീട്ടിൽ, ബോബി പോൾ, ജോൺ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ നേരത്തെ ആശംസകൾ അറിയിച്ചിരുന്നു. പൗരോഹിത്യ സുവർണ ജൂബിലിയോടും ജന്മദിനാഘോഷത്തോടും അനുബന്ധിച്ച് കേക്ക് മുറിച്ചു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ മറുപടി പ്രസംഗം നടത്തി. കഴിഞ്ഞ 32 വർഷത്തിനിടെ 3,500-ലധികം യാത്രകളിലായി മൂന്നര ലക്ഷത്തോളം തീർത്ഥാടകരെ വിശുദ്ധനാട്ടിലേക്ക് നയിച്ച റോയൽ ഒമാനിയ ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാൻ കൂടിയായ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയ്ക്ക് മുളന്തുരുത്തി പൗരാവലിയും വിവിധ സാമുദായിക-സാംസ്കാരിക സംഘടനകളും ഉപഹാരങ്ങൾ സമർപ്പിച്ചു.
















