പുത്തൻകുരിശ് ● സഭാ തർക്കം നിലനിൽക്കുന്ന കണ്ടനാട് ഭദ്രാസനത്തിലെ കുറിഞ്ഞി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികരുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു സംഘർഷമുണ്ടായത്.
പള്ളിയിലെ നിയമാനുസൃത വ്യവസ്ഥ പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിലെ ഒരു വൈദികനു മാത്രമേ പള്ളിയിൽ പ്രവേശനാനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് പെരുന്നാളിനായി പുറത്തുനിന്നുള്ള മറ്റൊരു വൈദികനെ ബലമായി പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
പള്ളിയിൽ നിലവിലുണ്ടായിരുന്ന ധാരണകളെയും സമാധാനപരമായ സംവിധാനങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഓർത്തഡോക്സ് വിഭാഗം വികാരിയുടെ നേതൃത്വത്തിൽ ബോധപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെപ്പർ സ്പ്രേയും മറ്റ് മാരകായുധങ്ങളുമായി സജ്ജരായാണ് അക്രമികൾ പെരുന്നാളിനു പള്ളിയിലെത്തിയതെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നതിൽ സംശയമില്ലെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
ആരാധനാലയത്തിൽ ആയുധങ്ങളുമായി എത്തി വിശ്വാസികൾക്കു നേരെ ആക്രമണം അഴിച്ചുവിടുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും പള്ളിയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
- ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
03/05/2026
