മലങ്കര സുറിയാനി സഭയുടെ അഭിമാന സ്തംഭവും, ആധുനിക കേരളം കണ്ട സമാനതകളില്ലാത്ത പ്രതിഭയുമായ ഡോ. ഡി. ബാബു പോൾ ഐ.എ.എസ്. നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. ഒരു മനുഷ്യായുസ്സിൽ ഒരാൾക്ക് എത്തിപ്പിടിക്കാവുന്നതിനും അപ്പുറമുള്ള നേട്ടങ്ങൾ കൈവരിക്കുമ്പോഴും, തന്റെ ആത്മീയ വേരുകൾ വിശുദ്ധ സഭയിൽ ഉറപ്പിച്ചുനിർത്തിയ വിശ്വസ്തനായിരുന്നു അദ്ദേഹം.
ഭരണതന്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, അത്ഭുതകരമായ മികവ് പുലർത്തിയ മധ്യസ്ഥൻ, ഏതു സ്ഥാനത്തും യോഗ്യനായ പ്രതിഭ എന്നിങ്ങനെ വിവരിക്കാനാവാത്ത അനേകം യോഗ്യതകളുടെ നിറകുടമായിരുന്ന ഡോ. ബാബു പോൾ സാമൂഹിക രംഗത്ത് എന്നും അദ്വിതീയനായിരുന്നു.
അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയിൽ നിന്നും ‘ബാറീത്തോ ബ്രീറോ’ (സഭയുടെ വിശ്വസ്ത പുത്രൻ) എന്ന ബഹുമതിയും, ആകമാന സുറിയാനി സഭയുടെ അത്യുന്നത ബഹുമതിയായ ‘സെന്റ് ഇഗ്നാത്തിയോസ് മെഡലും’ നേടിയ അദ്ദേഹം സഭയുടെ ഔദ്യോഗിക നാവായി എക്യുമെനിക്കൽ വേദികളിൽ തിളങ്ങി. 1982-ലെ ചരിത്രപ്രധാനമായ റോമൻ കത്തോലിക്കാ-സുറിയാനി ഓർത്തഡോക്സ് ഐക്യകരാറിന് സാക്ഷ്യം വഹിച്ച അദ്ദേഹം, സഭകളുടെ ഐക്യത്തിനായി ‘Quest for Unity’ പോലുള്ള കൃതികളിലൂടെ മഹത്തായ സംഭാവനകൾ നൽകി.
എഞ്ചിനീയർ, കലക്ടർ, ചീഫ് സെക്രട്ടറി, ഓംബുഡ്സ്മാൻ എന്നീ നിലകളിലൊക്കെയും ഉന്നതമായ പദവികൾ അലങ്കരിക്കുമ്പോഴും, അഞ്ചാം വയസ്സിൽ മണർകാട് പള്ളിയിൽ നിന്നും ലഭിച്ച ‘മദ്ബഹാ ശുശ്രൂഷകൻ’ എന്ന നിയോഗം മരണം വരെ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ചു. ഔദ്യോഗിക വേഷങ്ങൾക്കിടയിലും തന്റെ ആത്മീയ കുപ്പായത്തെ അദ്ദേഹം അഭിമാനത്തോടെ കൊണ്ടുനടന്നു.
ഒൻപത് വർഷത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം പൂർത്തിയാക്കിയ ‘വേദശബ്ദ രത്നാകരം’ എന്ന ബൈബിൾ നിഘണ്ടു മലയാള ഭാഷയ്ക്കും ക്രൈസ്തവ ലോകത്തിനും ലഭിച്ച അമൂല്യ നിധിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, ഗവേഷകൻ, ഭാഷാവിദഗ്ധൻ, ബൈബിൾ വ്യാഖ്യാതാവ് തുടങ്ങിയ നിലകളിൽ വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും സഭയോടുള്ള വിശ്വസ്തത അദ്ദേഹം പുലർത്തി.
ഒരു പ്രഭാഷകൻ എന്ന നിലയിൽ ലോകമെങ്ങുമുള്ള മലയാളികൾക്കു അദ്ദേഹം ഏറ്റം പ്രിയങ്കരനായിരുന്നു. മത-രാഷ്ട്രീയ-സാമൂഹിക പരിമിതികൾക്കപ്പുറമായി ശ്രോതാക്കളെ ആകർഷിക്കുവാനുള്ള പ്രതിഭാവിലാസവും ആശയ ഗാംഭീര്യവും നർമ്മ കുശലതയും അദ്ദേഹത്തിന് സ്വന്തമായിരുന്നു.
നമ്മുടെ സഭയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ ഡോ. ബാബു പോൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പിതാവായ വന്ദ്യ പി.എ. പൗലോസ് കോർ എപ്പിസ്കോപ്പയിൽ നിന്നും ലഭിച്ച ആത്മീയ തേജസ്സ് ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചും സഭയ്ക്കും സമൂഹത്തിനും ഒരുപോലെ പ്രകാശം പകർന്നുമുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര എന്നും സ്മരിക്കപ്പെടും. സഭയുടെ ഈ വിശ്വസ്ത പുത്രന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസവും വിജ്ഞാനവും സേവനസന്നദ്ധതയും വരും തലമുറകൾക്ക് ദീപസ്തംഭമായി നിലനിൽക്കട്ടെ. ഈ അനുഗ്രഹീത പ്രതിഭയുടെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥനയോടെ,
ബസേലിയോസ് ജോസഫ് കാതോലിക്ക
