പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 30 വെള്ളിയാഴ്ച വിവിധ മേഖലകളിൽനിന്ന് പുത്തൻകുരിശിലേക്ക് തീർത്ഥയാത്രകൾ എത്തിച്ചേരും. തീർത്ഥയാത്രകൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥയാത്രകൾ പുത്തൻകുരിശ് കാവുംതാഴത്ത് എത്തിച്ചേരും. തുടർന്ന് അവിടെനിന്ന് കാൽനടയായി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ കവാടത്തിലെത്തുന്ന തീർത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.
തുടർന്ന് തീർത്ഥാടകർ പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തി ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന അർപ്പിക്കും. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടക്കും.
