കുവൈറ്റ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ, ഗൾഫ് രാജ്യത്ത് ആദ്യമായി ആരംഭിച്ച സൺഡേ സ്ക്കൂളായ കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് (വലിയ) പള്ളിയുടെ കീഴിലുള്ള മോർ അത്താനാസിയോസ് സൺഡേ സ്കൂൾ കുവൈത്തിൽ അമ്പത് പ്രവർത്തനവർഷങ്ങൾ പിന്നിടുകയാണ്. 1974 സെപ്റ്റംബറിൽ ആരംഭിച്ച സൺഡേ സ്കൂൾ, ആദ്യകാലത്ത് ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുകയും പിന്നീട് 1975 മുതൽ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബ്ബാനന്തരം ക്ലാസുകൾ ക്രമീകരിക്കപ്പെടുകയും ചെയ്തു.
കടവിൽ ഡോ. പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഇടവക മെത്രാപ്പോലീത്തയും വന്ദ്യ അറക്കൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഇടവക വികാരിയും ആയിരിക്കെയാണ് സൺഡേ സ്കൂൾ സ്ഥാപിതമാകുന്നത്. ശ്രീ. കെ.സി കുരിയൻ കോടിയാട്ട് ആണ് ആദ്യ പ്രധാനാധ്യാപകൻ. ചുരുക്കം കുട്ടികളുമായി ആരംഭിച്ച സൺഡേ സ്കൂൾ പിന്നീട് അനേകം വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ സെന്ററുകളുമായി വളർന്നു.
1990-ൽ ഉണ്ടായ ഗൾഫ് യുദ്ധത്തിന്റെ പരിണിതഫലങ്ങൾ സൺഡേ സ്കൂൾ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.ഏകദേശം രണ്ടര വർഷങ്ങൾ സൺഡേ പ്രവർത്തനങ്ങൾ നിലച്ചു പോയി. പിന്നീട് 1992 ഡിസംബറിലാണ്, അന്നത്തെ വികാരി ആയിരുന്ന ഫാ. ബേബി ഏലിയാസിന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ പുനരാംഭിക്കുന്നത്. പിന്നീടുള്ള കാലഘട്ടം സൺഡേ സ്കൂളിന്റെ വളർച്ചയുടെ പുതുയുഗമായിരുന്നു. അനേകം തലമുറകൾ ഈ വേദ പാഠശാലയിലൂടെ ദൈവവചനം പഠിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുന്നു.
യാക്കോബായ സുറിയാനി സഭയിൽ നിലവിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സൺഡേ സ്കൂൾ ആണ് മോർ അത്താനാസിയോസ് സൺഡേ സ്കൂൾ.
കുവൈറ്റിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള വർധിച്ചുവരുന്ന കുടിയേറ്റങ്ങളുടെ നടുവിലും, വലിയ ആത്മീയ ശോഭയോടെ സൺഡേ സ്കൂൾ ഇടവകയിൽ പ്രവർത്തിക്കുന്നു. ഇടവക വികാരി ഫാ. ബിബിൻ ജോർജ് പ്രസിഡന്റ് ആയും, ശ്രീ. ബേസിൽ സി. ഏലിയാസ് ഹെഡ്മാസ്റ്റർ ആയും, അമ്പതോളം അധ്യാപകരും, അഞ്ഞൂറിൽ അധികം കുട്ടികളും ഉൾകൊള്ളുന്ന ഒരു വലിയ സമൂഹമായി സൺഡേസ്കൂൾ പ്രസ്ഥാനം നടത്തപ്പെടുന്നു. ഇടവകയിലെ പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്കായി ക്രിസ്റ്റീൻസ് (ടീൻസ് ഫോർ ക്രൈസ്റ്റ്) എന്ന പ്രസ്ഥാനവും സൺഡേസ്കൂളിന്റെ ഭാഗമായിയുണ്ട്. കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ചിലും,ഫഹീലിലും ,അബ്ബാസിയിലുമായി മൂന്ന് ഇടത്ത് സൺഡേ സ്കൂൾ പ്രവർത്തിക്കുന്നു.
1996 ആഗസ്റ്റ് 1-ന് യാക്കോബായ സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിലെ സിറിയൻ ഓർത്തഡോക്സ് സൺഡേ സ്കൂൾ ബോർഡിൽ സൺഡേ സ്കൂൾ രജിസ്റ്റർ ചെയ്തു.1999-ൽ പുത്തൻകുരിശിലെ “മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷനിൽ (എം.ജെ.എസ്.എസ്.എ)” 573-നമ്പറിൽ സൺഡേ സ്കൂൾ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചുവരുന്നു. 2013-ലെ ഇടവക പൊതുയോഗം സൺഡേ സ്കൂളിന്റെ നാമം സത്യവിശ്വാസ സംരക്ഷകനായ, ആലുവായിലെ വിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയോടുള്ള ആദരവിന്റെ ഭാഗമായി “മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺഡേ സ്കൂൾ” എന്ന് പുനർനാമകരണം ചെയ്തു. 2016-ൽ സൺഡേ സ്കൂളിന്റെ ഫഹീലിൽ ബ്രാഞ്ചും, 2017-ൽ അബ്ബാസിയ ബ്രാഞ്ചും ആരംഭിച്ചു. കിന്റർ ഗാർഡൻ മുതൽ പത്താം ക്ലാസ് വരെ പന്ത്രണ്ട് ക്ലാസ്സുകൾ സൺഡേ സ്കൂളിന്റെ ഭാഗമായി നടത്തപ്പെടുന്നു.
മലങ്കരയിലെ എം.ജെ.എസ്.എസ്.എ യുടെ സിലബസ് അനുസരിച്ചുള്ള അധ്യാപനം, രണ്ട് ഘട്ടങ്ങളായിട്ടുള്ള പരീക്ഷ സംവിധാനം, ഒരാഴ്ച നീണ്ടു നിൽക്കുന്ന ജാക്കബൈറ്റ് സിറിയൻ വെക്കേഷന് ബൈബിൾ സ്കൂൾ, കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന ബാലകലോത്സവം, മുതിർന്ന കുട്ടികൾക്കായി നടത്തപ്പെടുന്ന സ്റ്റുഡന്റസ് ക്യാമ്പ്, സൺഡേ സ്കൂൾ വാർഷികവും പത്താം ക്ലാസ് കഴിഞ്ഞ കുട്ടികളുടെ കോൺവൊക്കേഷനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ,സൺഡേ സ്കൂൾ ക്വയർ, വിശുദ്ധ വേദവായന പ്രോഗ്രാം, ബൈബിൾ ക്വിസ് മൽസരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സൺഡേസ്കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ യാക്കോബായ ഇടവകകൾക്ക് വെക്കേഷൻ ബൈബിൾ സ്കൂൾ ഇംഗ്ലീഷ് മെറ്റീരിയൽസ് വർഷങ്ങളായി നൽകുന്നത് മോർ അത്താനാസിയോസ് സൺഡേ സ്കൂൾ ആണ്. മോർ അത്താനാസിയോസ് സൺഡേ സ്കൂൾ നൽകുന്ന സേവനങ്ങളെ മാനിച്ച് എം.ജെ.എസ്.എസ്.എ- യു.കെ ഭദ്രാസനത്തിന്റെ ആദരവ് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രഥമ കുവൈറ്റ് സന്ദർശന വേളയിൽ സൺഡേ സ്കൂളിന് നൽകി. സൺഡേ സ്കൂളിന്റെ സിൽവർ ജൂബിലി 2001-2002 വർഷത്തിലും, റൂബി ജൂബിലി 2016-2017 വർഷത്തിലുമായി ആഘോഷിച്ചു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 11-തീയതി വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച് കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ചിൽ വെച്ച് നടത്തപ്പെടും. ജൂബിലിയുടെ ഭാഗമായി ജൂബിലി ലോഗോ റിലീസ്, കുവൈത്തിലെ യാക്കോബായ ഇടവകകളുടെ സൺഡേ സ്കൂൾ അദ്ധ്യാപക സംഗമം, ഇന്റർ ചർച്ച് ബൈബിൾ ക്വിസ്,അഖില മലങ്കര തലത്തിൽ സൺഡേ സ്കൂൾ കുട്ടികളുടെ സംഗീത മത്സരം, സൺഡേ സ്കൂൾ കുട്ടികൾക്കായി ആർട്ട് എക്സിബിഷൻ, ഉപന്യാസ മത്സരം, കുട്ടികളുടെ സംഗീത ബാൻഡ്, ജൂബിലി സുവനീർ തുടങ്ങി നിരവധി പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.

