പുത്തൻകുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ കബറടങ്ങിയിരിക്കുന്ന ‘മലങ്കരയുടെ പ്രകാശഗോപുരം’ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാമത് ശ്രാദ്ധപ്പെരുന്നാളിന് തുടക്കമായി. മലേകുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം മഞ്ഞിനിക്കര ദയറായുടെ അധിപനായ അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. മലേക്കുരിശ് ദയറാധിപൻ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വികാരി വന്ദ്യ കുര്യാക്കോസ് കണിയത്ത് കോറെപ്പിസ്കോപ്പ, വൈദികർ എന്നിവരും ട്രസ്റ്റിമാരും വിശ്വാസികളും സംബന്ധിച്ചു.
ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് ഓർമ്മപ്പെരുന്നാൾ. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തന്മാരും നേതൃത്വം നൽകും.
ഇന്ന് ആഗസ്റ്റ് 30 ഞായർ രാവിലെ 7.30-ന് അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി. കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥന എന്നിവ ഉണ്ടാകും.
ആഗസ്റ്റ് 31 തിങ്കൾ രാവിലെ 7.30-ന് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി. കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 5.30-ന് വിവിധ ദൈവാലയങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്ഥാടകർക്ക് ദയറായിൽ സ്വീകരണം നൽകും. തുടർന്ന് 6-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരം, അനുസ്മരണ പ്രഭാഷണം, അവാർഡ് ദാനം, കബറിങ്കൽ ധൂപപ്രാർത്ഥന, 8.30-ന് നേർച്ച സദ്യ, 9-ന് കബറിങ്കൽ അഖണ്ഡ പ്രാർത്ഥന എന്നിവ നടക്കും.
സെപ്റ്റംബർ 1 ചൊവ്വ രാവിലെ 7.30-ന് പ്രഭാത നമസ്കാരം, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പ്രസംഗം, തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, നേർച്ച സദ്യ എന്നിവ നടക്കും. ഉച്ചയ്ക്ക് 1-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരി. മോർ കൂറിലോസ് യൂയാക്കിം ബാവയുടെ കബറിങ്കലേക്ക് തീർത്ഥയാത്ര ഭക്തിനിർഭരമായി നടത്തപ്പെടും.
