വടവുകോട് ● പരിശുദ്ധ മദ്ബഹായിൽ അഞ്ച് പതിറ്റാണ്ട് നീണ്ട ശുശ്രൂഷ പൂർത്തിയാക്കിയ ഡീ. ഏലിയാസ് മറ്റപ്പിള്ളിയെ മാതൃ ഇടവകയായ വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മെമന്റോ നൽകി ആദരിച്ചു. ഇടവക വികാരി ഫാ. എബിൻ ബേബി ഊമേലിൽ ആശംസകൾ നേർന്നു.
1977 മെയ് 3-ന് പുണ്യശ്ലോകനായ അഭിവന്ദ്യ കുര്യാക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കൈപിടിച്ച് പരിശുദ്ധ മദ്ബഹായിൽ പ്രവേശിച്ചാണ് ഡീ. ഏലിയാസ് മറ്റപ്പിള്ളി തന്റെ ശുശ്രൂഷാ ജീവിതത്തിന് തുടക്കമിട്ടത്. അഞ്ച് പതിറ്റാണ്ടിനിടെ സ്വദേശത്തും വിദേശത്തുമായി നടന്ന നിരവധി മെത്രാഭിഷേക ശുശ്രൂഷകളിലും സഭാ ചടങ്ങുകളിലും അദ്ദേഹം മദ്ബഹാ ശുശ്രൂഷകനായി സേവനം ചെയ്തു.
1982-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ വടവുകോട് പള്ളിയിൽ എഴുന്നള്ളിയെത്തിയപ്പോൾ, പരിശുദ്ധ ബാവയുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ യേശു ശിശക് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ച വേളയിൽ പ്രധാന ശുശ്രൂഷകനായി സേവനം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 2010-ൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായിൽ നിന്ന് കോറൂയോ സ്ഥാനം സ്വീകരിച്ചതും ശുശ്രൂഷാ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി.
സിറിയയിൽ വിവിധ സഭാ ചടങ്ങുകൾക്കായി ഏകദേശം എട്ടു തവണയും ലബനോനിൽ നാല് തവണയും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹീക സന്ദർശനവുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവാമാർ വിശുദ്ധ കുർബ്ബാന അർപ്പിച്ച അവസരങ്ങളിലും വിവിധ മെത്രാഭിഷേക ശുശ്രൂഷകളിലും പരിശുദ്ധ മദ്ബഹായിൽ ശുശ്രൂഷകനായി നിൽക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.
സഭയുടെ ശുശ്രൂഷാരംഗത്തോടൊപ്പം ഫോട്ടോഗ്രഫിയിലും ഡീ. ഏലിയാസ് മറ്റപ്പിള്ളി ശ്രദ്ധേയമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ അദ്ദേഹം 2004 മുതൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എത്തിയ കാലം മുതൽ സഭയുടെ വിവിധ ചടങ്ങുകളും പ്രധാന സംഭവങ്ങളും പ്രതിഫലേച്ഛയില്ലാതെ ക്യാമറയിൽ പകർത്തി വിശ്വാസികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിൽ സജീവമായി ഇന്നും തുടരുന്നു.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ശ്ലൈഹിക സന്ദർശനങ്ങളുടെ 10,000-ത്തിലധികം ചിത്രങ്ങൾ പകർത്തി ലോകത്തിലെ ഏറ്റവും വലിയ ആൽബം തയ്യാറാക്കിയതിനും ഡീ. ഏലിയാസ് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പരിശുദ്ധ പാത്രിയർക്കീസ് ബാവ പ്രത്യേകം അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. കാലം ചെയ്ത പരിശുദ്ധ പാത്രിയർക്കീസ് സാഖാ ബാവ മുതൽ ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ വരെയുള്ള പിതാക്കന്മാരുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം സഭയുടെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
സോഷ്യൽ മീഡിയ സജീവമാകുന്നതിന് മുമ്പുള്ള കാലത്തുപോലും സഭയുടെ പ്രധാന സംഭവങ്ങളും ചടങ്ങുകളും ലാഭേച്ഛയില്ലാതെ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തി വിശ്വാസികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരിശുദ്ധ സഭയുടെ പ്രതിസന്ധിഘട്ടങ്ങളിലും പ്രായം അവഗണിച്ച് ഓടിയെത്തുന്ന അദ്ദേഹം തികഞ്ഞ സഭാസ്നേഹിയായും വേറിട്ടുനിൽക്കുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട മദ്ബഹാ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ ഗുരുതരമായ അസുഖത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഡീ. ഏലിയാസ് മറ്റപ്പിള്ളി ഈ ആദരം ഏറ്റുവാങ്ങിയത്. തന്റെ ജീവിതത്തിൽ ലഭിച്ച ഈ ആദരം അനേകരുടെ പ്രാർത്ഥനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായ സൗഖ്യത്തിനായി തുടർന്നും പ്രാർത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തൻ്റെ ശുശ്രൂഷാജീവിതത്തിൽ ഒപ്പം നിന്ന മാതൃ ഇടവകയ്ക്കും പരിശുദ്ധ സഭയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പരിശുദ്ധ മദ്ബഹായോടുള്ള അർപ്പണബോധത്തിന്റെയും വിശ്വാസനിഷ്ഠയുടെയും സഭാസ്നേഹത്തിന്റെയും അഞ്ച് പതിറ്റാണ്ടിന്റെ സാക്ഷ്യത്തിനാണ് മാതൃ ഇടവകയുടെ ആദരം.


