ലണ്ടൻ ● മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റെവറന്റ് സാറാ മുള്ളലിയുമായി ലണ്ടനിലെ ഔദ്യോഗിക വസതിയായ ലാമ്പത്ത് പാലസിൽ സൗഹൃദസന്ദർശനം നടത്തി.
കൂടിക്കാഴ്ചയിൽ, 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുന്നോടിയായി പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്ട് സന്ദർശനം, അന്നത്തെ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായും വിക്ടോറിയ രാജ്ഞിയുമായും നടത്തിയ കൂടിക്കാഴ്ചകൾ, സത്യവിശ്വാസ സംരക്ഷണത്തിനും മലങ്കര സഭയുടെ അവകാശങ്ങൾ നിലനിർത്തുന്നതിനും സുറിയാനി പാരമ്പര്യത്തിന്റെ പരിപാലനത്തിനും വിദ്യാഭ്യാസ-അച്ചടി മേഖലകളുടെ വളർച്ചയ്ക്കുമായി അദ്ദേഹം നിർവഹിച്ച ദീർഘവീക്ഷണമാർന്ന പ്രവർത്തനങ്ങൾ എന്നിവ അനുസ്മരിച്ചു.
ആധുനിക ലോകത്തിൽ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രിസ്തുവിന്റെ സ്നേഹത്തിലും സാക്ഷ്യത്തിലും സഭകൾ പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നേറേണ്ടതിന്റെ ആവശ്യകത, എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി എന്നിവയും ഇരുസഭാ നേതാക്കളും ചർച്ച ചെയ്തു.
തുടർന്ന്, ലാമ്പത്ത് പാലസിലെ സ്വീകരണമുറിയിൽ ചരിത്ര സ്മാരകമായി ആദരപൂർവം സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ എണ്ണഛായാചിത്രത്തിന് മുന്നിൽ ശ്രേഷ്ഠ കാതോലിക്കയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രാർത്ഥന നടത്തി. മലങ്കര സുറിയാനി സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ-ചരിത്രബന്ധത്തിന്റെ ജീവസാക്ഷ്യമാണ് ഈ എണ്ണഛായാചിത്രം.
മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റമ്പതാം വാർഷിക വേളയിൽ അതേ ചരിത്രസ്മാരകത്തിന് മുമ്പിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞത് ചരിത്രത്തിന്റെ തുടർച്ചയ്ക്ക് പുതിയ അർഥം പകർന്ന അനുഭവമായെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ബിഷപ്പ് ഓഫ് സതക് റൈറ്റ് റെവ. ക്രിസ്റ്റഫർ ചെസ്സൻ, എക്യുമെനിക്കൽ റിലേഷൻസ് അഡ്വൈസർ റെവ. ഡോ. മത്തിയാസ് ഗ്രീബ്, ലാമ്പത്ത് പാലസിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അങ്കമാലി മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ്, ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, സെക്രട്ടറി ബേസിൽ ജോൺ, കോർഡിനേറ്റർ മാത്യൂസ് ജേക്കബ് എന്നിവരും ശ്രേഷ്ഠ കാതോലിക്കയോടൊപ്പമുണ്ടായിരുന്നു.













