വടക്കൻ പറവൂർ ● അങ്കമാലി ഭദ്രാസനത്തിലെ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്കും സമർപ്പണ പ്രാർത്ഥനയ്ക്കും ഡൽഹി, യു.എ.ഇ ഭദ്രാസനങ്ങളുടെ അധിപനും, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീതയുടെ മഹാപൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പരിശുദ്ധ റൂഹായാൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അതേ മദ്ബഹായിൽ, ഇരുപത് വർഷങ്ങൾ പൂർത്തിയായ വേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ സാധിച്ചത് ദൈവത്തിന്റെ പ്രത്യേക നിയോഗവും അനുഗ്രഹവുമാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.
2006 ജൂലൈ 3 ദുഃഖ്റോനോ പെരുന്നാൾ ദിവസമാണ് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്ര നിയോഗം നടന്നത്. യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അഞ്ചു മെത്രാപ്പോലീത്തന്മാർ ഒരുമിച്ച് അഭിക്ഷിക്തരാകുന്നത്. ഈ പുണ്യ കർമ്മം നിർവഹിയ്ക്കുവാൻ ദൈവം തിരഞ്ഞെടുത്തത് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെയാണ്. ശ്രേഷ്ഠ ബാവായുടെ തൃക്കരങ്ങളാൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അഫ്രേം,
ഭാഗ്യസ്മരണാർഹനായ പത്രോസ് മോർ ഒസ്താത്തിയോസ്, കുര്യാക്കോസ് മോർ യൗസേബിയോസ്, ഡോ. ഗീവർഗീസ് മോർ കൂറിലോസ് എന്നിവർ അഭിഷിക്തരായത്.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനം നടന്നു. പള്ളി വികാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ആശംസകൾ നേർന്നു. പള്ളി സെക്രട്ടറി പ്രൊഫ. ഡോ. രഞ്ജൻ നടത്തിയ അനുമോദന പ്രസംഗത്തിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഭയ്ക്കും വിശ്വാസിസമൂഹത്തിനുമായി തിരുമേനി കാഴ്ചവച്ച സമർപ്പിതമായ ആത്മീയ നേതൃത്വവും പ്രതിസന്ധിഘട്ടങ്ങളിലെ സേവനവും അനുസ്മരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ വൈദികരും, ഇടവക ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു. മെത്രാപ്പോലീത്തയുടെ മഹാപൗരോഹിത്യ ശുശ്രൂഷയ്ക്ക് ദൈവം തുടർന്നും സമൃദ്ധമായ അനുഗ്രഹം നൽകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്.
ദുഃഖ്റോനോ പെരുന്നാളിനോട് അനുബന്ധിച്ച് വി. തോമാശ്ലീഹായോടുള്ള സമർപ്പണ പ്രാർത്ഥന, ഓഹരി ഏറ്റ് കഴിച്ചവർക്കുള്ള നടവഴക്ക സമർപ്പണം, ചരിത്രപ്രസിദ്ധമായ വലിയനെയ്യപ്പം നേർച്ച വിതരണം എന്നിവ നടന്നു.

