കർത്താവിന്റെ അരുമശിഷ്യനും ഭാരതത്തിന്റെ അപ്പോസ്തോലനും നമ്മുടെ കാവൽപിതാവുമായ വിശുദ്ധ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ജൂലൈ 3-ന് പരിശുദ്ധ സഭ ഭക്ത്യാദരപൂർവം ആചരിക്കുന്നു. എ.ഡി. 394-ൽ മൈലാപ്പൂരിൽനിന്ന് വിശുദ്ധന്റെ തിരുശരീരം ഉറഹായിലേക്ക് കൊണ്ടുപോയതിന്റെ 1632-ാം വാർഷികവും വിശുദ്ധന്റെ 1953-ാമത് ഓർമപ്പെരുന്നാളും ഈ സുദിനത്തിൽ ആചരിക്കപ്പെടുന്നു. മൂസലിലെ മാർത്തോമാ ശ്ലീഹായുടെ പള്ളിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ അസ്ഥി 2013 മുതൽ മോർ മത്തായിയുടെ ദയറായിൽ സംരക്ഷിച്ചുവരുന്നു.
നമ്മുടെ കർത്താവും ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സുവിശേഷസന്ദേശവുമായി ഭാരതത്തിലെത്തിയ മോർ തോമാശ്ലീഹ, അനേകരെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചു. തീക്ഷ്ണമായ വിശ്വാസത്തിന്റെയും ഗുരുഭക്തിയുടെയും സമർപ്പണജീവിതത്തിന്റെയും മഹത്തായ മാതൃകയാണ് വിശുദ്ധൻ. തച്ചുശാസ്ത്രത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ‘ദിദിമോസ്’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ‘തോമസ്’ എന്ന പേരിന്റെ അർത്ഥം “ഇരട്ട” എന്നാണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മോർ തോമാശ്ലീഹായെക്കുറിച്ചുള്ള പരാമർശങ്ങൾ ഏറെ ശ്രദ്ധേയമാണ്. അപകടം പതിയിരിക്കുന്ന യെരുശലേമിലേക്ക് കർത്താവ് പോകാൻ തീരുമാനിച്ചപ്പോൾ, “അവനോടുകൂടെ മരിക്കുവാൻ നമുക്കും പോകാം” എന്ന് അദ്ദേഹം പറഞ്ഞത് ഗുരുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെയും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും പ്രകടനമായിരുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ്, “നിന്റെ വിരൽ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക” എന്ന് അരുളിച്ചെയ്തപ്പോൾ, “എന്റെ കർത്താവും എന്റെ ദൈവവുമേ” (വി. യോഹന്നാൻ 20:28) എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. ക്രിസ്തുവിന്റെ ദൈവത്വവും മഹത്വവും പൂർണമായി അംഗീകരിച്ചുകൊണ്ടുള്ള വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ ഏറ്റുപറച്ചിലുകളിലൊന്നായാണ് ഈ വാക്കുകൾ വിലയിരുത്തുന്നത്.
യേശുക്രിസ്തുവിന്റെ ധീരനായ അനുഗാമിയും സത്യത്തിന്റെയും ജീവന്റെയും മാർഗം തിരഞ്ഞെടുക്കാൻ ഏവരെയും പ്രേരിപ്പിച്ച വിശ്വസ്ത ശിഷ്യനുമായിരുന്നു വിശുദ്ധ മോർ തോമാശ്ലീഹ. “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്ന് വിശ്വാസധീരതയോടെ ഉദ്ഘോഷിച്ച വിശുദ്ധന്റെ പ്രാർത്ഥനകളിലും മദ്ധ്യസ്ഥതകളിലും അഭയം പ്രാപിക്കാം. നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ.

