
ഇന്ന് നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹായുടെ രക്ഷാകരമായ
സ്വർഗ്ഗാരോഹണ പെരുന്നാൾ (മാറാനായ പെരുന്നാൾ)
ക്യംതാ പെരുന്നാളിന് ശേഷമുള്ള നാല്പതാം ദിവസം പരിശുദ്ധ സഭ കർത്താവിൻ്റെ (മാറാനായ) സുലോക്കോ (സ്വർഗ്ഗാരോഹണം) പെരുന്നാൾ ആഘോഷിക്കുന്നു. ശുദ്ധമുള്ള സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങളിൽ ഒന്നാണു സ്വർഗ്ഗാരോഹണ പെരുന്നാൾ. ഇന്നേ ദിവസം നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട് “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി” (വി. മർക്കൊസ് 16:19). പിതാവിൻ്റെ വാഗ്ദാനത്തിനായി അതായത് പരിശുദ്ധാത്മാവെന്ന വരത്തിനായി കാത്തിരിക്കുവാനും താൻ ആവശ്യപ്പെട്ടു. ഈ ദിവസം സ്വർഗ്ഗാരോഹണത്തോടൊപ്പം കർത്താവ് നമ്മുക്ക് നൽകിയ മഹത്തായ ദൗത്യത്തെയും സഭ ഓർക്കുന്നു. ആ മഹത്തായ ദൗത്യം ലോകമെമ്പാടും തൻ്റെ സുവിശേഷം അറിയിക്കുവാനാണ്. മനുഷ്യ ശക്തിയാൽ മാത്രം ജനങ്ങളെ ദൈവത്തോട് അടുപ്പിക്കുവാനാകില്ല. അത് ദൈവശക്തിയോട് കൂടിയേ സാധിക്കു. പുനരുത്ഥാനത്തിൻ്റെ ശക്തി യേശുവിനു മാത്രമല്ല ക്രിസ്തീയ ജീവിതത്തിലും ദൗത്യത്തിലുമുള്ള എല്ലാ വിശ്വാസികൾക്കുമുള്ളതാണ്.
വിശുദ്ധ കുർബ്ബാനയോടെ പരിശുദ്ധ സഭ ഈ പെരുന്നാൾ അനുസരിച്ചാഘോഷിക്കുന്നു. വിശ്വാസികൾ മ്നോർത്തോയിൽ (ഗോഗുൽത്ത) സ്ലീബാ അവസാനമായി കാണുന്നതും ഇന്നാണ്. സ്വർഗ്ഗാരോഹണ പെരുന്നാളിൻ്റെ ക്രമത്തിലെ പ്രധാന ഭാഗമായ സ്ലീബാ ആഘോഷത്തിന് ശേഷം ത്രോണോസിൽ സ്ഥാപിക്കുകയും ഗോഗുൽത്ത മദ്ബഹായിൽ നിന്ന് മാറ്റുകയും ചെയ്യുന്നു. ഇത് മനുഷ്യപുത്രനായി വന്ന് കഷ്ടാനുഭവം, മരണം, പുനരുത്ഥാനം, ഒടുവിൽ സ്വർഗ്ഗാരോഹണം എന്നീ ഘട്ടങ്ങളിലുടെയുള്ള ക്രിസ്തുവിൻ്റെ യാത്രയെ സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും കർത്താവിൻ്റെ ശിഷ്യന്മാരായിത്തീരുവാനും ഈ ശ്രേഷ്ഠകരമായ പെരുന്നാൾ നമ്മെ സഹായിക്കട്ടെ.
ഇനി തുടർന്നുള്ള പത്തുനാൾ കാത്തിരിപ്പിന്റെ ദിനങ്ങൾ അഥവാ പെന്തിക്കോസ്തി പെരുന്നാളിന്റെ ആത്മവിശുദ്ധിയിലേക്കുള്ള പ്രയാണകാലവും കൂടിയാണ്.
