
യെലഹങ്ക (ബാംഗ്ലൂർ) ● തിന്മ വർധിക്കുന്ന സമൂഹത്തിൽ നന്മയ്ക്കും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ക്രൂശിക്കപ്പെടുകയാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. യെലഹങ്കയിൽ നിർമിച്ച ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന മന്ദിരത്തിൻ്റെ കുദാശയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ഒന്നാമനാകാനുള്ള വ്യഗ്രത ഉപേക്ഷിച്ച് ദൈവം കൂടെയുണ്ടെന്ന ബോധ്യത്തോടെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും നമ്മുക്ക് സാധിക്കണം. നീതിബോധമുള്ള സമൂഹത്തിൽ ക്രിസ്തുവിൻ്റെ അനുഭവം ഉണ്ടാകുമ്പോൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ പീഡനം അനുഭവിക്കേണ്ടി വരുമെന്നും സഭ വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോൾ
സഭയുടെ അസ്തിത്വവും കെട്ടുറപ്പും കാത്തുസൂക്ഷിക്കണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
നവാഭിഷിക്തനായ ശേഷം ആദ്യമായി ബാംഗ്ലൂരിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ യെലഹങ്ക സെൻ്റ് ബേസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പ്രൗഢ ഗംഭീരമായ സ്വീകരണമാണ് നൽകിയത്.
തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടന്നു. തുടർന്ന് യെലഹങ്ക പള്ളിയുടെ മോർ ബേസിൽ കമ്മ്യൂണിറ്റി ഹാൾ കൂദാശയും പുതിയ കൊടിമരത്തിൻ്റെ സമർപ്പണവും ആസ്ഥാന മന്ദിരത്തിൻ്റെയും ബിഷപ്പ് ഹൗസിൻ്റെയും കൂദാശയും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. കര്ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി. സുധാകര് മുഖ്യാതിഥിയായിരുന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ ബാവായെ ചടങ്ങിൽ അനുമോദിച്ചു. പൂർണ്ണമായും ആസ്ഥാന മന്ദിരം നിർമ്മാണത്തിൻ്റെ സമർപ്പണം നടത്തിയ സഭാ മാനേജിംഗ് കമ്മിറ്റിയംഗവും ഭദ്രാസന കൗൺസിൽ അംഗവുമായ മലയിൽ റെജി ഫിലിപ്പിനെയും കുടുംബത്തെയും ചടങ്ങിൽ ശ്രേഷ്ഠ ബാവ ആദരിച്ചു. കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ചലച്ചിത്ര താരം ലാലു അലക്സ് നിർവ്വഹിച്ചു.
കർണാടക ഊർജ്ജമന്ത്രി കമാൻഡർ കെ.ജെ ജോർജിൻ്റെ സഹധർമ്മിണി ശ്രീമതി. സുജ ജോർജ്, കർണാടക റവന്യൂ മന്ത്രി ശ്രീ. കൃഷ്ണ ബൈരെ ഗൗഡയുടെ സഹധർമ്മിണി ശ്രീമതി. മീനാക്ഷി ബൈരെ, ബെറ്റൽസൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എസ്. ഹേമാവതി നാഗർരാജ്, ഭദ്രാസന സെക്രട്ടറി ജോൺ ഐപ്പ്, വൈദിക സെക്രട്ടറി ഫാ. ഷിബു ജോർജ് പുലയത്ത്, കൗമാ റമ്പാൻ, മുൻ എം.എൽ.എ സാജു പോൾ, ഭദ്രാസന ട്രഷറർ നിതിൻ സ്റ്റീഫൻ മാത്യു, സഭാ മാനേജിംഗ് കമ്മിറ്റിയംഗം റെജി ഫിലിപ്പ് മലയിൽ എന്നിവർ പ്രസംഗിച്ചു. ശ്രേഷ്ഠ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഭദ്രാസനത്തിൻ്റെ സ്നേഹോപഹാര സമർപ്പണം, ആദരിക്കൽ ചടങ്ങ്, സമ്മാനദാനം, കുടുംബ സംഗമ സാംസ്ക്കാരിക പരിപാടികൾ എന്നിവ നടന്നു. ബാംഗ്ലൂർ ഭദ്രാസനത്തിലെ വൈദീകരും വിവിധ പള്ളികളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.























