
യെലഹങ്ക (ബാംഗ്ലൂർ) ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നു.
ബാംഗ്ലൂരിലെ ഹൃദയഭാഗങ്ങളിലൊന്നായ യെലഹങ്കയിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശ മെയ് 18 ഞായറാഴ്ച രാവിലെ 11 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവ്വഹിക്കും. അതോടൊപ്പം നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢ ഗംഭീര സ്വീകരണമാണ് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
മെയ് 18 ഞായർ രാവിലെ 7:15 ന് ശ്രേഷ്ഠ ബാവായ്ക്ക് യെലഹങ്ക യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകും. 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും. 10:15 ന് യെലഹങ്ക പള്ളിയുടെ മോർ ബസ്സേലിയോസ് കമ്മ്യൂണിറ്റി ഹാൾ കൂദാശയും 11 ന് ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ നിർവ്വഹിക്കപ്പെടും.
തുടർന്ന് 11:30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കർണാടക ഊർജ്ജ മന്ത്രി കമാൻഡർ കെ.ജെ. ജോർജ്, റവന്യൂ മന്ത്രി ശ്രീ. കൃഷ്ണ ബൈരെ ഗൗഡ എന്നിവർ മുഖ്യാതിഥിയായി സംബന്ധിക്കും. ശ്രേഷ്ഠ ബാവായെ ചടങ്ങിൽ അനുമോദിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഫാമിലി കോൺഫറൻസ് ‘ബെസലെൽ 2025’ ൽ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം ലാലു അലക്സ് നിർവ്വഹിക്കും. ബാംഗ്ലൂർ ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നും അനേകം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കും.
ഭദ്രാസനം രൂപീകൃതമായതിനു ശേഷം ദൈനദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി സ്വന്തമായി ആസ്ഥാന മന്ദിരം വേണമെന്ന ആവശ്യം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളുടെ പരിശ്രമമാണ് വേണ്ടി വന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഭദ്രാസനത്തിൻ്റെ വിവിധയിടങ്ങളിൽ പുതിയ മൂന്ന് ദൈവാലയങ്ങളുടെ സമർപ്പണം അടക്കം അഭൂതപൂർവ്വമായ വളർച്ചയ്ക്കാണ് ഭദ്രാസനം സാക്ഷ്യം വഹിക്കുന്നത്. ഭദ്രാസന ആസ്ഥാന കേന്ദ്രത്തിൻ്റെ അടിസ്ഥാന ശില പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതീയൻ പാത്രിയർക്കീസ് ബാവ ബാംഗ്ലൂരിലെ ശ്ലൈഹീക സന്ദർശന വേളയിൽ 2024 ജനുവരി 25 ന് യെലഹങ്ക സെന്റ് ബേസിൽ ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശാനന്തരം ആശീർവദിച്ച് നൽകിയിരുന്നു. തുടർന്ന് ശിലാസ്ഥാപന കർമ്മം 2024 മാർച്ച് 11 ന് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
യെലഹങ്ക സെന്റ് ബേസിൽ പള്ളിയോട് ചേർന്ന് രണ്ടു നിലകളിലായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൽ ബിഷപ്പ് ഹൗസ്, ഭദ്രാസന ഓഫീസ്, കോൺഫറൻസ് ഹാൾ, വിവിധ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഓഫീസ് തുടങ്ങി വിശാലമായ സംവിധാനങ്ങളാണുള്ളത്. ബാംഗ്ലൂർ വിമാനത്താവളത്തോട് ചേർന്ന് ഭദ്രാസനം സ്വന്തമായി വാങ്ങിയ സ്ഥലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗവും ഭദ്രാസന കൗൺസിൽ അംഗവുമായ മലയിൽ ശ്രീ. റെജി ഫിലിപ്പാണ് ആസ്ഥാന മന്ദിരം നിർമ്മാണത്തിൻ്റെ സമർപ്പണം നടത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മാങ്ങാട്ട്, വൈദിക സെക്രട്ടറി ഫാ. ഷിബു ജോർജ്ജ് പുലയത്ത്, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന ട്രസ്റ്റി നിതിൻ സ്റ്റീഫൻ, ഭദ്രാസന ജോ. സെക്രട്ടറി റെജി ജേക്കബ്, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
കൂദാശയും ചടങ്ങുകളും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്യും.


