
തൃപ്പൂണിത്തുറ ● ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനു തുടക്കമായി. ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ പെരുന്നാളിനു തുടക്കം കുറിച്ചു കൊണ്ട് കൊടി ഉയർത്തി.
രാജ്യം നേരിടുന്ന തീവ്രവാദ വെല്ലുവിളികൾ എല്ലാവരും ഒന്നായി നിന്ന് നേരിടണമെന്ന് ബാവ പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ മരിച്ചവരെ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്തു. ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ഫാ. സെബു പോൾ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ജിയോ പാലുപറമ്പിൽ, ഫാ. ഡാർലി എടപ്പങ്ങാട്ട്, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു അത്മായ വൈസ് പ്രസിഡന്റ് പി.പി. തങ്കച്ചൻ പെരുന്നാൾ ജനറൽ കൺവീനർ ലവിൻ പൗലോസ് എന്നിവർ സന്നിഹിതരായി.
വൈകീട്ട് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് സണ്ടേസ്കൂൾ വാർഷിക സമ്മേളനം നടന്നു. ചടങ്ങിൽ ദീർഘകാലം സണ്ടേസ്കൂൾ അധ്യാപകരായി സേവനം ചെയ്യുന്ന അധ്യാപകരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന ദാനവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഇന്ന് രാവിലെ 6:15 ന് പ്രഭാത പ്രാർത്ഥനയും, ഏഴിന് മൂന്നിൽമ്മേൽ കുർബ്ബാനയും നടന്നു. വൈകിട്ട് 6 ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന സന്ധ്യാപ്രാർത്ഥനയെ തുടർന്ന് വടക്കേ ഇരുമ്പനം സെന്റ് ജോർജ് കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം നടന്നു.
പ്രധാനപ്പെരുന്നാൾ ദിവസമായ നാളെ മെയ് 7 ബുധൻ രാവിലെ 6 ന് പ്രഭാതപ്രാർത്ഥന യും, 6:30 ന് വി. കുർബാനയും നടക്കും. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും ഉണ്ടാകും. 7:45 ന് പ്രഭാത പ്രാർത്ഥനയും 8:30 ന് ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും നടക്കും. 11 ന് പ്രസിദ്ധമായ നേർച്ചസദ്യ ശ്രേഷ്ഠ കാതോലിക്ക ബാവ ആശീർവദിച്ച് തുടക്കം കുറിക്കും. 5 ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ചങ്ങംപുത കുരിശു പള്ളിയിലേക്ക് പ്രദക്ഷിണവും, പ്രദക്ഷിണം തിരികേ എത്തി ആശീർവ്വാദത്തോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

