
മുളന്തുരുത്തി ● പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ജന്മനാടായ മുളന്തുരുത്തിയിൽ ഒരുക്കുന്നത് നാടിൻ്റെ ആദരവ്. കക്ഷി, രാഷ്ട്രീയ, മത, സാമുദായിക സംഘടനകൾ ചേർന്നാണ് നവാഭിഷിക്തനായ ബാവയ്ക്ക് ഇന്ന് വൈകിട്ട് 5 ന് സ്വീകരണം നൽകുന്നത്. ശ്രേഷ്ഠ ബാവ പഠിച്ച മുളന്തുരുത്തി ഗവ. ഹൈസ്കൂൾ അങ്കണത്തിലാണ് അനുമോദന സമ്മേളനം നടക്കുന്നത്.
മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പിക്കൽ വർഗീസിൻ്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ 10 നാണ് ബാവായുടെ ജനനം. പതിമൂന്നാം വയസിൽ ശെമ്മാശപ്പട്ടം സ്വീകരിച്ച് ദൈവീക വഴിയിൽ സഞ്ചരിച്ചു. എറണാകു ളം മഹാരാജസ് കോളേജ്, അയർലണ്ട്, യു.എസ് എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.
33-ാം വയസിൽ പാത്രിയാർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ആയിരിക്കുന്ന കാലഘട്ടത്തിൽ മുളന്തുരുത്തിയിലുള്ള നാനാജാതി മതസ്ഥർക്ക് കാരുണ്യത്തിന്റെ കരം നീട്ടിയ ശ്രേഷ്ഠ ബാവായെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നൽകി ആദരിക്കാനാണ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും ഇന്ന് നടത്തുന്നത്. മുളന്തുരുത്തി ഗവ. ആശു പത്രിയിലെ പാലിയേറ്റീവ് കെയർ യൂണീറ്റ് നാടിനാകെ മാതൃകയാണ്. നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കി നൽകിയതും ജാതി, മത ഭേദമന്യേയാണ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി ശ്രേഷ്ഠ ബാവ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് പൊതു സമൂഹം നൽകുന്ന സ്നേഹാദരവ് കൂടിയാണ് ഇന്നത്തെ സ്വീകരണ അനുമോദനത്തിൽ പ്രതിഫലിക്കുന്നത്.
വൈകിട്ട് 5 ന് ശ്രേഷ്ഠ ബാവയെ പള്ളിത്താഴം ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഗവ. ഹൈസ്കൂൾ അങ്കണത്തിൽ എത്തിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം സഹകരണ, രജിസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി. മംഗള പത്ര സമർപ്പണം നടത്തും. സിറോ മലബാർ കത്തോലിക്ക സഭ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരീക്കൻ, ജോസ് കെ. മാണി എം.പി എന്നിവർ ചേർന്ന് അനുമോദനം നടത്തും. ചടങ്ങിൽ യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, ശിവഗിരി ആശ്രമം ശാരദാനന്ദ സ്വാമികൾ, കാഞ്ഞിരമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി, തുടങ്ങി വിവിധ രാഷ്ടീയ,സാമുദായിക സംഘടന നേതാക്കൾ പങ്കെടുക്കും.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ ക്രമീകരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സ്വീകരണം സംബന്ധിച്ച് ഇന്നലെ വൈകിട്ട് വൈ.എം.സി.എ യിൽ പൗരാവലിയുടെ അവലോകന യോഗം ചേർന്നു. ഫാ. ജേക്കബ്ബ് കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ബിജു എം. മ്യാലിൽ, റെഞ്ചി കുര്യൻ, ജോൺ ജോയി, ബോബി പോൾ തുടങ്ങിയവർ സംസാരിച്ചു.
