
പുത്തൻകുരിശ് ● പാത്രിയർക്കാ സെൻ്റർ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപ്പാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചു കൂടിയിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ നിന്നു പുത്തൻകുരിശിലേക്കുള്ള വഴി മുഴുവൻ ബാവായെ കാണാൻ ജനം തടിച്ചുകൂടി. പാത്രിയർക്കാ സെന്ററിനു മുന്നിൽ ആചാരപരമായി സഭ ബാവായെ സ്വീകരിച്ചു. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ വേദ പുസ്തകവും സഭാ സെക്രട്ടറി ജേക്കബ് സി . മാത്യു പാത്രിയർക്കാ പതാകയുമേന്തി. മെത്രാപ്പോലീത്തമാരുടെ അകമ്പടിയോടെ, വിശ്വാസി സമൂഹത്തിന് ആശീർവാദം നൽകി സഭയുടെ പുതിയ വെളിച്ചമായി ദൈവാലയത്തിലേക്ക്.
മെത്രാപ്പോലീത്തമാരുടെയും ഇതര സഭ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മുൻഗാമിയുടെ കബറിൽ ധൂപപ്രാർഥന. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട സുന്ത്രോണീസോ ശുശ്രൂഷ. ശുശ്രൂഷയ്ക്കൊടുവിൽ ആചാരപരമായി ‘ഓക്സിയോസ്’ (യോഗ്യൻ) എന്നു 3 വട്ടം പ്രഖ്യാപിച്ചപ്പോൾ, തങ്ങളെ നയിക്കാൻ പുതിയ ഇടയനെ ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ ഒന്നടങ്കം ‘ഓക്സിയോസ്’ എന്ന് ആവേശപൂർവം ഏറ്റുചൊല്ലി. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നിയമന കൽപന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയൽ ക്ലീമീസ് വായിച്ചു.
അഭിവന്ദ്യ എബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയാണ് ചടങ്ങുകൾക്കു മുഖ്യ കാർമികത്വം വഹിച്ചത്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തിയ ഹോംസ് ആർച്ച് ബിഷപ്പ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ്പ് മാർ ബൗട്രസ് അൽ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പോലീത്തമാരും സഹ കാർമികരായി. ശുശ്രൂഷകളിൽ സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, മലങ്കര കത്തോലിക്ക സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോർ ബസ്സേലിയോസ് ക്ലീമിസ് ബാവ, സിറോ മലബാർ സഭാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ലാറ്റിൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർത്തോമ്മാ സഭയിലെ തോമസ് മാർ തിമോത്തിയോസ്, സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പൊലീത്ത സിറിൽ മാർ ബസേലിയോസ്, കൽദായ സഭയെ പ്രതിനിധീകരിച്ച് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത, ബിലീവേഴ്സ് സഭയെ പ്രതിനിധീകരിച്ച് സാമുവൽ മാർ തെയോഫിലോസ് എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.







