
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്നും പ്രതിസന്ധിയിലൂടെയാണ് യാത്ര ചെയ്തിട്ടുള്ളത്. എത്ര വലിയ കാറ്റും കോളും സഭയാകുന്ന ഈ കപ്പലിൽ ആഞ്ഞടിച്ചാലും തളരാതെ തകർന്നു പോകാതെ ദൈവം ഈ കപ്പലിനെ നയിച്ചുകൊണ്ടുപോകുന്നു എന്നതാണ് പ്രത്യേകത. 50 വർഷം പിമ്പിലോട്ട് നോക്കിയാൽ സഭയ്ക്ക് നേതൃത്വം നൽകുവാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പിതാക്കന്മാർ എല്ലാം കഷ്ട്ട നഷ്ടങ്ങളുടേയും വ്യവഹാരങ്ങളുടേയും കണ്ണനീരിന്റെയും നടുവിലൂടെയാണ് സഭയെ നയിച്ചത്. ജീവിതത്തിൻ്റെ എല്ലാ സുഖ സൗകര്യങ്ങളേയും പരിത്യജിച്ചുകൊണ്ട് കണ്ണുനീരോടെ സഭയെ സ്നേഹിച്ച ജനത്തിൻ്റെ നടുവിൽ പ്രാർത്ഥനയും വചനകരുത്തും കൈമുതലാക്കിയ ആ പുണ്യപ്പെട്ട പിതാക്കന്മാർ പ്രത്യേകിച്ച് പൗലൂസ് മോർ പീലക്സിനോസ് പെരുമ്പള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ്, തോമസ് മോർ ദിവന്നാസിയോസ്, കുര്യാക്കോസ് മോർ കൂറിലോസ് എന്നീ പിതാക്കന്മാരെ പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇവരിൽ പൗലോസ് മോർ പീലക്സിനോസ്, തോമസ് മോർ ദിവന്നാസിയോസ് തിരുമേനിയും സഭയുടെ കാതാലിക്കാമാരായി ദീർഘകാലം ശുശ്രൂഷ ചെയ്ത് പരി. സഭയെ വളർത്താൻ അത്യദ്ധ്വാനം ചെയ്തു. ഭാഗ്യസ്മരനാർനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാലഘട്ടം പ്രതികൂലതകളെ അതിജീവിച്ച് സുവിശേഷപരമായും ആദ്ധ്യാത്മികമായും-ഭൗതീകമായും വളർച്ചയുടെ മുന്നേറ്റമായിരുന്നു.
1974 -ലെ സഭാ വ്യവഹാര തീച്ചൂളയെ കണ്ടറിഞ്ഞ് മഞ്ഞനിക്കര ദയറായിൽ വച്ച് പരിശുദ്ധ സഭയുടെ പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യപടിയിലേയ്ക്ക് ദൈവം വിളിച്ച് വേർതിരിച്ച ആളാണ് ഇപ്പോഴത്തെ പരിശുദ്ധ സഭയുടെ നവാഭിഷിക്തനായ കാതോലിക്ക ബാവാ. തുടർന്ന് 1984 ൽ മോർ ബസേലിയോസ് പൗലൂസ് ദ്വിതീയൻ ബാവ കശ്ശീശാപട്ടവും, 1994 മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവ മെത്രാപ്പോലീത്തയായും വാഴിച്ചു. ചരിത്രമുറങ്ങുന്ന മുളന്തുരുത്തിയുടെ മണ്ണിൽ നിന്ന് മലങ്കര സഭയുടെ കാതോലിക്കായായി അദ്ദേഹം തെര ഞ്ഞെടുത്ത് വാഴിക്കപ്പെട്ടപ്പോൾ സഭയുടെ മുമ്പോട്ടുള്ള ഗമനത്തിൽ അതൊരു നാഴിക കല്ലായി തീരും.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന ഭക്തനും, അന്തോഖ്യാ സിംഹാസനത്തോടും, പരി. പാത്രിയർക്കീസ് ബാവായോടുമുള്ള കൂറും ഭക്തിയും രേഖാമൂലം എഴുതി വച്ച, പരുമലയിൽ കബറടങ്ങിയിരിക്കുന്ന ചാത്തരുത്തിൽ തിരുമേനിയുടെ ഇളം തലമുറക്കാരൻ എന്ന നിലയിലും പരിശുദ്ധ സഭയ്ക്ക് പ്രാർത്ഥനയുടെ ശക്തിയിൽ കരുത്തും കരുതലും നൽകുവാൻ അദ്ദേഹത്തിന് കഴിയും. പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും സ്തുത്യർഹമായ ശുശ്രൂഷ നടത്തിട്ടുള്ള അഭിവന്ദ്യ ബാവാ തിരുമേനിക്ക് തോമസ് പ്രഥമൻ ബാവാ യുടെ പിൻഗാമി എന്ന നിലയിൽ സഭയും സമൂഹവും പ്രതീക്ഷിക്കുന്ന, മൂല്യങ്ങളും പാരമ്പര്യങ്ങളും പൈതൃകങ്ങളും കാത്തുസൂക്ഷിക്കുന്ന, കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ മുമ്പിൽ യോശുവാ ആയി. യിസ്രയേൽ മക്കൾക്ക് ക്ഷാമ കാലത്ത് ക്ഷേമം നൽകുവാൻ ദൈവം തെരഞ്ഞെടുത്ത ജോസഫായി ജനത്തെ നേരായ വഴിയിൽ നടത്തുവാൻ ജ്ഞാനവും കൃപയും പ്രാപിച്ച ശലോമോനായി ഈ പരിശുദ്ധ സഭയ്ക്ക് എതിരെ ഉയരുന്ന വെല്ലുവിളികളേയും വ്യവഹാരങ്ങളേയും ദൈവാശ്രയബോധത്തിൽ അതിജീ വിപ്പാനും ദൈവം കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ സഭയെക്കുറിച്ചുള്ള അവന്റെ വഴികൾ ആർക്കും അറിയാത്തവണ്ണം അത്ഭുതകരമാകുന്നു. അത് നമ്മുടെ വിചാരങ്ങൾക്കും, വഴികൾക്കും അപ്പുറമായി ഉയർന്നു നിൽക്കുന്നു.
നവാഭിഷിക്തനായ ശ്രേഷ്ഠ ബാവയും, സഭയിലെ അനുഗ്രഹീതരായ അഭിവന്ദ്യ തിരുമേനിമാരും, സഭാ സ്ഥാനികളും, സമിതികളും ബഹു. വൈദീകരും, ലക്ഷക്കണക്കിന് വരുന്ന ഈ സഭയുടെ മക്കളും ഒറ്റക്കെട്ടായി ഐക്യത്തോടെ, വിശ്വാസ തീഷ്ണതയിൽ ദൈവ ശബ്ദം ശ്രവിച്ച് മുമ്പോട്ട് പോയാൽ പരിശുദ്ധ സഭയെ തകർക്കാൻ ഒരു പാതാള ഗോപുര ങ്ങൾക്കും കഴിയില്ല. കാരണം ഇത് ദൈവത്താൽ സ്ഥാപിക്കപ്പെട്ട സഭയാണ്.