
പുത്തൻകുരിശ് ● ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ച് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. എബ്രഹാം മോർ സേവേറിയോസ് പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി എന്നിവർ പ്രധാന കാർമികരാകും. വൈകിട്ട് 4.30 ന് നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പാത്രിയർക്കാ സെന്റർ മൈതാനിയിൽ പടുകൂറ്റൻ പന്തലാണു നിർമിക്കുന്നത്.

