












ബെയ്റൂട്ട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ഇനി ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയസ് ജോസഫ് പ്രഥമൻ ബാവാ എന്ന പേരിലാണ് അറിയപ്പെടുക. ലബനനിലെ അച്ചാനെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവായെ അഭിഷിക്തനാക്കിയത്.
സന്ധ്യാപ്രാർഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂർ നീണ്ടു. ഇന്ത്യൻ സമയം ചൊവ്വ രാത്രി 8.30 ഓടെ സ്ഥാനാഭിഷേക ശുശ്രൂഷകൾ തുടങ്ങി. തുടർന്ന് കാതോലിക്ക വാഴ്ചയുടെ പ്രത്യേക ക്രമം ആരംഭിച്ചു. കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത, പാത്രിയർക്കീസ് ബാവായോടും സുറിയാനി സഭയുടെ സുന്നഹദോസിനോടുമുള്ള വിധേയത്വം പ്രഖ്യാപിച്ച് ശല്മൂസ പ്രമാണം വായിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ശിരസിൽ പാത്രിയർക്കീസ് ബാവാ കൈവച്ച് റൂശ്മ ചെയ്ത് മുദ്രണം ചാർത്തിയാണ് കാതോലിക്കയായി പ്രഖ്യാപിച്ചത്.
തുടർന്ന് സ്ഥാനചിഹ്നങ്ങളായ പടിമാല, സ്ലീബ, അംശവടി എന്നിവ കൈമാറി. ചടങ്ങുകളുടെ സമാപനംകുറിച്ച് കാതോലിക്ക ബാവായെ സിംഹാസനത്തിൽ ഇരുത്തി. മറ്റു മെത്രാപോലീത്തമാരും വൈദികരും ചേർന്ന് സിംഹാസനം ഉയർത്തി. സിംഹാസനത്തിൽ ഇരുന്ന് കാതോലിക്ക ബാവാ ഏവൻഗേലിയോൻ (സുവിശേഷം) വായിച്ചു.
മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, അന്ത്യോഖ്യൻ സിറിയൻ കത്തോലിക്കാ സഭാ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവാ, മാർത്തോമ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത എന്നിവരും സംബന്ധിച്ചു.
വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിസംഘവും ചടങ്ങുകൾക്ക് സാക്ഷിയായി. എംഎൽഎമാരായ പി വി ശ്രീനിജിൻ, ഇ ടി ടൈസൺ, ജോബ് മൈക്കിൾ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേന്ദ്രസർക്കാർ പ്രതിനിധികൾ, സഭാ ഭാരവാഹികൾ, വിശ്വാസികൾ അടക്കം എഴുന്നൂറിലധികംപേർ ചടങ്ങിൽ പങ്കെടുത്തു.