പുത്തന്‍കുരിശ് ● ദൈവത്തിൽ നിന്നുള്ള യഥാർത്ഥ ആത്മീയത നിലനിർത്തി ക്രൈസ്‌തവർ നീതിയുടെ കിരീടം ധരിക്കുന്നവരായിത്തീരണമെന്ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ മൂന്നാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവത്തിൽ നിന്നും ഉൾക്കൊണ്ടുള്ള ധാർമ്മികതയാണ് ജീവിതത്തിൽ ആവശ്യം. നല്ല ബന്ധങ്ങളിലൂടെ യഥാർത്ഥ ആത്മിയത കൈവരിക്കാനാകുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. അനീതിയുടെ അംശങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്ത് നീതിയുടെ കിരീടം ചൂടുന്നവരായി നാം മാറ്റപ്പെടണമെന്നും മെത്രാപ്പോലീത്ത വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.
ആത്മീയതയും ധാർമികതയും മനുഷ്യ ബന്ധങ്ങളെ ശുദ്ധീകരിക്കും. മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരിക്കലും ഇടയാകരുതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആവശ്യക്കാരെ കരുതുന്നവരായി മാറണം, എങ്കിൽ മാത്രമേ മാനസാന്തരത്തിലേക്ക് തിരിയാൻ കഴിയൂ. സുവിശേഷത്തിലൂടെ നീതിയുടെയും ധാർമ്മികതയുടേയും അനുഭവം ജീവിതത്തിൽ ഉണ്ടാകണമെന്നും മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി.
മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ സുവിശേഷ പ്രസംഗം നടത്തി. തനിക്ക് അർഹതപ്പെട്ടത് തനിക്കും അപരന് അർഹതപ്പെട്ടത് അവനും ലഭിക്കുന്നതിനെ നീതി എന്നു വിളിക്കാമെന്ന് മെത്രാപ്പോലീത്ത മുഖ്യ പ്രസംഗത്തിൽ പറഞ്ഞു. ഫാ. പൗലോസ് ചാത്തോത്ത് രോഗികൾക്കായി സമർപ്പണ പ്രാർഥന നടത്തി.
സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും സംബന്ധിച്ചു.
സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവർ പങ്കെടുത്തു. വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
നാലാം ദിവസമായ ഇന്ന് ഡിസംബർ 29 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ നടക്കുന്ന സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ സംഗമം അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. എൽദോസ് പുളിഞ്ചോട്ടിൽ അധ്യക്ഷത വഹിക്കും. തങ്കച്ചൻ തോമസ് പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സുവിശേഷ യോഗത്തിൽ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ സന്ദേശവും നൽകും. ഡിസംബർ 31 ന് സമാപിക്കുന്ന സുവിശേഷ യോഗത്തിൽ ദിവസവും ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയും വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥനയും നടക്കും.