മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ ജൂബിലി പെരുന്നാളിന് കൊടിയേറി

മുളന്തുരുത്തി ● രണ്ടാം യെരുശലേം, ഇന്ത്യയിലെ സെഹിയോൻ എന്നറിയപ്പെടുന്ന പുണ്യ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാളിന് തുടക്കമായി. വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിൽ വന്നിറങ്ങിയതിന്റെ പത്തൊമ്പതാം ശതവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മുളന്തുരുത്തി ഇടവക 1952 ൽ തുടക്കം കുറിച്ച പെരുന്നാളാണ് ജൂബിലി സ്മാരക പെരുന്നാൾ. വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കരയിലെ ഏക ദൈവാലയവും, ഏറ്റവും ദൈർഘ്യമേറിയ പെരുന്നാൾ പ്രദിക്ഷണവും ഈ ദൈവാലയത്തിന്റെ പ്രത്യേകതയാണ്.

മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാവിലെ 7.15 ന് കൊടികയറ്റി. തുടർന്ന് 8.30 ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടന്നു. ഉച്ചക്ക് 1 മണിക്ക് ഒന്നാം ദിവസം പ്രദക്ഷിണം പുറപ്പെടും. വൈകിട്ട് 7 ന് സന്ധ്യാനമസ്ക്കാരം രാത്രി 9.30 ന് പ്രദക്ഷിണത്തിന് തിരികെ സ്വീകരണം, ആശിർവാദം എന്നിവ ഉണ്ടാകും.

നാളെ ഡിസംബർ 19 വ്യാഴം രാവിലെ 7.30 ന് പ്രഭാത നമസ്കാരം 8.30 ന് തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, ധൂപ പ്രാർത്ഥന എന്നിവ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് രണ്ടാം ദിവസം പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകിട്ട് 7 ന് സന്ധ്യാനമസ്ക്കാരം രാത്രി 10 ന് പ്രദക്ഷിണത്തിന് തിരികെ സ്വീകരണം, ആശിർവാദം എന്നിവ നടത്തപ്പെടും.

ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന, ധൂപ പ്രാർത്ഥന, ഉച്ചയ്ക്ക് 12.30 ന് മൂന്നാം ദിവസം പ്രദക്ഷിണം എന്നിവ നടക്കും. വൈകിട്ട് 7 ന് സന്ധ്യാനമസ്ക്കാരം രാത്രി 10.30 ന് പ്രദക്ഷിണത്തിന് തിരികെ സ്വീകരണം, ആശിർവാദം എന്നിവ ഉണ്ടാകും.

വിശുദ്ധൻ ചരമം പ്രാപിച്ച ദിവസമായ ഡിസംബർ 21 ശനി രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന 8.30 ന് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, ധൂപ പ്രാർത്ഥന എന്നിവ നടക്കും. 11 ന് പ്രദക്ഷിണം, ആശീർവാദം, തിരുശേഷിപ്പ് വണക്കം, നേർച്ച സദ്യ തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, ഫാ. മാത്യു പോൾ കാട്ടുമങ്ങാട്ട്, ഫാ. എൽദോസ് ആയപ്പിള്ളിൽ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ബേസിൽ ബേബി പൊറ്റയിൽ, ട്രസ്റ്റിമാരായ ജോയി സി.എം. ചേലച്ചുവട്ടിൽ, മത്തായി കെ. പി. കൂമുള്ളിൽ, അനീഷ് ചുമ്മാർ പീടികയിൽ എന്നിവർ നേതൃത്വം നൽകും.

പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…