പ്രാർത്ഥനാ നിറവിൽ പരിശുദ്ധ സഭ; വൈദിക സംഘത്തിന്റെ 24 മണിക്കൂർ ചെയിൻ പ്രയർ അനുഗ്രഹകരമായി

പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടി വൈദിക സംഘത്തിന്റെ ആദിമുഖ്യത്തിൽ തുടർച്ചയായി 24 മണിക്കൂർ നടത്തിയ വൈദികരുടെ ചെയിൻ പ്രയർ സഭയ്ക്ക് അനുഗ്രഹകരമായി. സഭയുടെ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തിൽ ഡിസംബർ 16 തിങ്കൾ വൈകിട്ട് 6 മണി മുതൽ ഡിസംബർ 17 ചൊവ്വ വൈകിട്ട് 6 മണി വരെയായിരുന്നു ചെയിൻ പ്രയർ നടന്നത്.

മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നിർദ്ദേശാനുസരണം വൈദിക സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ബാംഗ്ലൂർ ഭദ്രാസനത്തിൽ നിന്ന് സന്ധ്യാ നമസ്ക്കാരത്തോടെ പ്രയർ ചെയിൻ പ്രാർത്ഥിച്ച് ആരംഭിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സന്ത്രയോസ് തോമസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ വിവിധ സമയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കോതമംഗലം മേഖലയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തോടെ ചെയിൻ പ്രയർ ഭക്തിനിർഭരമായി അവസാനിച്ചു.

ബഹു. സുപ്രീംകോടതിയിൽ നിന്ന് ഇന്നലെയുണ്ടായ പരാമർശങ്ങൾ സഭയ്ക്ക് പ്രത്യാശ നൽകുന്നതാണ്. പ്രതിസന്ധികളിൽ ദൈവം സഭയെ കരുതുന്നതോർത്ത് ദൈവത്തെ മഹത്വപ്പെടുത്താമെന്നും തുടർന്നും സഭയുടെ ശാശ്വത സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും വൈദിക സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രാർത്ഥന ചെയിൻ പങ്കെടുത്ത എല്ലാവരോടും വൈദിക സംഘം കൃതഞ്ജത അറിയിച്ചു. അതോടൊപ്പം പരി. സഭയിലെ തീർത്ഥാടന കേന്ദ്രങ്ങളിലും, വിവിധ ദൈവാലയങ്ങളിലും പുണ്യ പിതാക്കൻമാർ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര, വടക്കൻ പറവൂർ, കോതമംഗലം, മലേക്കുരിശ്, പാണംപടി, പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രൽ തുടങ്ങിയ പള്ളികളിലും പരിശുദ്ധ സഭയ്ക്കായി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കപ്പെട്ടു.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…