ശ്രേഷ്ഠാചാര്യന്റെ മായാത്ത ഓർമ്മകളിൽ പരിശുദ്ധ സഭ; ശ്രേഷ്ഠ ബാവായുടെ 30-ാം ഓർമ്മ ദിനം ആചരിച്ചു

പുത്തന്‍കുരിശ് ● മലങ്കരയിലെ സുറിയാനി സഭാമക്കൾ തങ്ങളെ സത്യവിശ്വാസത്തിൽ വഴി നടത്തിയ ശ്രേഷ്‌ഠാചാര്യന്റെ ഒളി മങ്ങാത്ത ഓർമ്മകളുമായി 30-ാം ഓർമ്മ ദിനത്തിലേക്ക്. മലങ്കര സുറിയാനി സഭാ മക്കളുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമ്മകളോടെ ഇന്നും ജീവിക്കുന്ന പുണ്യശ്ലോകനായ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 30-ാം ഓർമ്മ ദിനം പരിശുദ്ധ സഭ ഒന്നടങ്കം സമുചിതമായി ആചരിച്ചു.

ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ 6.30 നോടു തന്നെ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.

കത്തീഡ്രലിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വവും വഹിച്ചു. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.

കബറിങ്കല്‍ നടന്ന പ്രത്യേക ധൂപ പ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ധൂപാർപ്പണം നടത്തി. ശ്രേഷ്ഠ ബാവയുടെ 30-ാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷന്‍ പുറത്തിറക്കിയ സപ്ലിമെന്റ് ‘ധന്യമീ ശ്രേഷ്ഠ ജീവിതം’ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അഖില മലങ്കര യൂത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ് അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയ്ക്കു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് നേർച്ച വിളമ്പ് നടത്തപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും.

പരിശുദ്ധ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ശ്രേഷ്ഠ ബാവായുടെ 30-ാം ആചരിച്ചു. ദൈവാലയങ്ങളിൽ രാവിലെ വിശുദ്ധ കുര്‍ബ്ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെട്ടു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…