- സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത (മലബാർ ഭദ്രാസനാധിപൻ)
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സ്ഥാനാരോഹണത്തിന് ഇന്ന് ഒരാണ്ട് പൂർത്തിയാകുമ്പോൾ, അത് വെറുമൊരു കലണ്ടർ താളിന്റെ മാറ്റമല്ല; മറിച്ച് സഭയുടെ നെറുകയിൽ ദൈവം ചാർത്തിയ അനുഗ്രഹീത കാലത്തിന്റെ അടയാളപ്പെടുത്തലാണ്.
ശ്രേഷ്ഠ ബാവായുടെ ഓരോ പ്രഭാഷണവും അറിവിന്റെ നിറവുള്ള ആഴക്കടലായിരുന്നു, എന്നാൽ അവ പെയ്തിറങ്ങിയത് ലളിതമായ സ്നേഹത്തിന്റെ കുളിർമഴയായാണ്. ആത്മീയതയുടെ തികവുള്ള ആ സന്ദേശങ്ങൾ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും വിത്തുകൾ പാകി.
പ്രതിസന്ധികളും പ്രയാസങ്ങളും തിരമാലകളായി വന്നപ്പോൾ, ഭയത്തിന്റെ വാക്കുകൾക്ക് പകരം ബാവാ നൽകിയത് ശാന്തമായൊരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിക്ക് പിന്നിൽ സഭയുടെ അചഞ്ചലമായ പ്രൗഢിയും അന്തസ്സും ലോകം കണ്ടു.
വാർഷികദിനത്തിൽ കോടതിയിൽ നിന്ന് വന്ന നീതിയുടെ മൊഴികൾ വെറുമൊരു നിയമവിജയമായിരുന്നില്ല; ദൈവം തന്റെ സഭയെ ചേർത്തുപിടിക്കുന്നു എന്നതിന്റെ സ്വർഗ്ഗീയ സാക്ഷ്യമായിരുന്നു.
സമൂഹത്തിന്റെ നാനാതുറകളിൽ സഭയുടെ പേര് അഭിമാനത്തോടെ മുഴങ്ങിക്കേട്ട ധന്യനിമിഷങ്ങൾ…
ഒരു വലിയ തണൽമരമായി, ആത്മീയ തേജസ്സായി ഇനിയും ഒരുപാട് കാലം സഭയെ നയിക്കാൻ സർവ്വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നന്മകളും പകർന്നു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശ്രേഷ്ഠ ബാവാ തിരുമേനിക്ക് ഹൃദയം നിറഞ്ഞ സ്ഥാനാരോഹണ വാർഷികാശംസകൾ!
