- ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുയുഗത്തിൻ്റെ ആത്മീയ നായകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാതോലിക്കയായി അഭിഷിക്തനായിട്ട് ധന്യതയാർന്ന ഒരു വർഷം പൂർത്തിയാകുന്നു. വചനിപ്പ് പെരുന്നാൾ ദിനമായ മാർച്ച് 25-ന് ഈ സുവർണ്ണ ദിനം ആഘോഷിക്കുമ്പോൾ, സഭയും വിശ്വാസി സമൂഹവും പ്രത്യാശയുടെയും ആത്മീയ ഉണർവിന്റെയും പുതുവെളിച്ചത്തിൽ നിറഞ്ഞിരിക്കുന്നു.
മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ദിനമാണ് 2025 മാർച്ച് 25. ലബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെ സെന്റ് മേരീസ് സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കാതോലിക്ക സ്ഥാനാരോഹണം സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. പരിശുദ്ധാത്മ നിറവിൽ നടന്ന ആ ചടങ്ങ്, പരി. അന്ത്യോഖ്യാ സിംഹാസനവും മലങ്കരയിലെ സുറിയാനി സഭയും തമ്മിലുള്ള പൗരാണിക ബന്ധത്തെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പ്രതിനിധികളെയും, മലങ്കരയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 700-ലധികം വിശ്വാസികളെയും സാക്ഷിയാക്കി നടന്ന ഈ മഹത്തായ ചടങ്ങിൽ ലോകത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്മാരും പ്രതിനിധികളും സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുത്തത് ചരിത്രപ്രസക്തമായിരുന്നു.
പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി വാഴിക്കപ്പെട്ട മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഇന്ന് തൻ്റെ മുൻഗാമിയെ പോലെ സഭയെ തനതായ ശൈലിയിൽ ജനഹൃദയങ്ങളിലേക്കിറങ്ങി നവ ദർശനത്തോടെ നയിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സഭയുടെ വിവിധ ദൈവാലയങ്ങളിലും വേദികളിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും ആദരവും ഇതിന് തെളിവാണ്. ഇതര സഭകളും ഇതര മതസ്ഥരും അദ്ദേഹത്തിന് നൽകുന്ന പരിഗണനയും സ്നേഹാദരവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള വലിയ അംഗീകാരമാണ്.
വിശ്വാസികളെ അനുഗ്രഹിക്കുവാനും ആത്മീയമായി കരുത്തരാക്കാവാനും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ബാവയുടെ ദീർഘവീക്ഷണവും കാഴ്ചപ്പാടുകളിലും നിറഞ്ഞ പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയുടെ വേറിട്ട സവിശേഷതയാണ്. ഒരു വശത്തു സഭാസാഹചര്യങ്ങൾ സങ്കീർണ്ണമായി തന്നെ തുടരുമ്പോൾ മറുവശത്തു പുതിയ സാദ്ധ്യതകളിലൂടെയും, ദർശനങ്ങളിലൂടെയും സമാധാനത്തിൻ്റെ സന്ദേശവാഹകനായി ബാവ മുന്നോട്ടു പോകുന്നു.
ലബനോനിലെ ദേവദാരു പോലെ കരുത്തും ഐക്യവും ഒത്തുചേർന്ന നേതൃത്വമാണ് ബാവായുടേത്. സഭയുടെ സംരക്ഷണത്തിനായി ദൈവം കരുതിവെച്ച ധീരമായ ദേവദാരു. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ എന്ന പൈതൃകവും, പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി കണ്ടെത്തിയ ബാലൻ എന്ന സവിശേഷതയും, അഞ്ച് പതിറ്റാണ്ടുകളുടെ ദൈവവിളിയും, മൂന്ന് പതിറ്റാണ്ടുകളുടെ മേൽപ്പട്ട ശുശ്രൂഷാ പരിചയവും ഈ മഹത്തായ ദൗത്യത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയിരിക്കുന്നു. ദൈവം തിരഞ്ഞെടുത്ത കർമ്മയോഗിയാണ് ബാവായെന്ന് നിസ്സംശയം പറയാനാകും.
സഭ സങ്കീർണ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, സഭാനൗകയെ സമാധാനത്തിന്റെ തുറമുഖത്തേക്ക് നയിക്കുന്ന അമരക്കാരനായി ബാവ മാറിയിരിക്കുന്നു. ബാവായുടെ പ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും ഇത് വ്യക്തമാണ്. ശ്രേഷ്ഠ ബാവയുടെ ജീവിതം വിശ്വാസത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മനോഹരമായ സമന്വയമാണ്. ബാല്യത്തിൽ ആരംഭിച്ച ചെറിയൊരു ആത്മീയ യാത്ര ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയ നായകനായി അദ്ദേഹത്തെ ഉയർത്തിയിരിക്കുന്നു.
ദൈവത്തിലാശ്രയിച്ച് സത്യ സുറിയാനി സഭയെ പൂർവ്വപിതാക്കന്മാർ കാട്ടിത്തന്ന പാതയിലൂടെ തന്റെ അജഗണങ്ങളെ മേയിച്ചുനയിക്കുന്ന ഈ ഇടയൻ സഭയ്ക്ക് മാത്രമല്ല, പൊതുസമൂഹത്തിനാകെ പുരോഗതിയുടെയും മാനവികതയുടെയും നവവെളിച്ചമായി മാറുകയാണ്. ഏവരോടും സൗഹൃദം പുലർത്തുന്ന അദ്ദേഹത്തിന്റെ ഹൃദ്യമായ പെരുമാറ്റവും പ്രഭാഷണ ചാതുര്യവും സാധുക്കളോടുള്ള കരുതലും അദ്ദേഹത്തെ ജനപ്രിയനാക്കുന്നു. വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ ദർശന വ്യക്തതയോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ശ്രേഷ്ഠ ബാവായുമായി എനിക്കുള്ള വളരെ ആഴമായ ബന്ധത്തിൻ്റെ വെളിച്ചത്തിൽ ബാവായിൽ ഞാൻ കാണുന്ന ചില സവിശേഷതകൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്:
- സൗമ്യതയുടെ മുഖമുദ്ര
ശ്രേഷ്ഠ ബാവയുടെ മുഖഭാവം തന്നെ അദ്ദേഹത്തിന്റെ ശാന്തമായ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. തൻ്റെ പ്രയാസങ്ങളിലും, പ്രതിസന്ധികളിലും, പ്രകോപനങ്ങളിലും സൗമ്യത കാത്തുസൂക്ഷിക്കുവാനുള്ള വലിയ ഒരു കഴിവ് ദൈവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഒരു ആത്മീയ നേതാവിന് ഏറ്റവും അത്യന്താപേക്ഷിതമായ ഈ ഗുണ വിശേഷം ബാവായിൽ നിറഞ്ഞുനിൽക്കുന്നു. ചിലർ അതിനെ ബലഹീനതയായി ചിത്രീകരിച്ചാലും ദൈവവചനം ഓർമ്മപ്പെടുത്തുന്നത് ‘സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ’ എന്നതാണ്.
- സമന്വയത്തിന്റെ ശൈലി
പ്രശ്നങ്ങളെ സങ്കീർണ്ണമാക്കാതെ സമന്വയത്തിലൂടെ പരിഹരിക്കുക എന്ന ശ്രേഷ്ഠമായ ഒരു ശൈലി ബാവായ്ക്കുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരെ പരസ്പരം കലഹിപ്പിക്കാതെ ഒരുമിച്ചു കൊണ്ടു പോകുവാനുള്ള മനോഭാവം ബാവായിൽ പല സന്ദർഭങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. പ്രക്ഷുബ്ധമായ സഭാ സാഹചര്യങ്ങളിൽ ഈ മനോഭാവം യാക്കോബായ സുറിയാനി സഭാ മക്കളെ ഒരുമിപ്പിച്ചു നിർത്തുവാൻ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്.
- അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം
ശ്രേഷ്ഠ ബാവയുടെ മറ്റൊരു പ്രത്യേകത എല്ലാവർക്കും അഭിപ്രായങ്ങൾ പറയുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു എന്നതാണ്. ബാവ അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ അനുകൂലമായാലും, പ്രതികൂലമായാലും എല്ലാവർക്കും തങ്ങളുടെ അഭിപ്രായം തുറന്നു പറയുവാനുള്ള സമയവും, സ്വാതന്ത്ര്യവും നൽകുന്നു. വ്യക്തിപരമായുള്ള എൻ്റെ അനുഭവം ചില കാര്യങ്ങളിലും, നിലപാടുകളിലും ഞങ്ങൾക്ക് തികച്ചും വ്യത്യസ്താഭിപ്രായമായിരിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാര്യങ്ങളിൽ ഞങ്ങൾ ശക്തമായി വാഗ്വാദങ്ങളിലും ഏർപ്പെടും. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആ സന്ദർഭങ്ങളിലൊക്കെ തന്റെ സീനിയോറിറ്റിയോ, സ്ഥാനമോ എന്ന ഒരു കോംപ്ലെക്സും ഇല്ലാതെ വിമർശനങ്ങളെ പ്പോലും പോസിറ്റീവ് ആയി കാണുന്ന വലിയ ഒരു മനസ്സ് ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല ആശയങ്ങളെ ആ തലത്തിൽ കണ്ടുകൊണ്ട് അത് വ്യക്തി ബന്ധത്തെ ഒരു രീതിയിലും ബാധിക്കാതെ കാത്ത് സൂക്ഷിക്കുവാനുള്ള നല്ലൊരു മനോഭാവവും, നേതൃത്വ പാടവവും ശ്രേഷ്ഠ ബാവായുടെ വലിയ ഒരു സവിശേഷതയാണ്. തലക്കനമില്ലാതെ, സഹോദരനെപ്പോലെ എല്ലാ മെത്രാപ്പോലീത്താമാർക്കും അദ്ദേഹത്തെ സമീപിക്കാം എന്നതും ‘എപ്പിസ്കോപ്പൽ കൊളീജിയാലിറ്റി’ നിലനിർത്തിക്കൊണ്ട് പോകുവാനുള്ള വലിയ ശ്രേഷ്ഠതയാണ്.
- സഭയെക്കുറിച്ചുള്ള ദർശനം
ദൈവാലയങ്ങൾ നഷ്ടപ്പെട്ടും സഭാ മക്കൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടും വ്യവഹാരങ്ങളിൽ കുടുങ്ങിയും സഭ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിൻ്റെയും നടുവിലാണ് ബാവ സഭാനൗകയെ നയിക്കുവാനുള്ള നിയോഗം ഏറ്റെടുത്തത്. ഏതു കാര്യങ്ങൾ ചെയ്താലും, നാനാ കോണുകളിൽ നിന്നുമുള്ള വിമർശനങ്ങളും ആരോപണങ്ങളും അനിയന്ത്രിതമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യം. സഭയെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകുവാനുള്ള കാര്യങ്ങൾക്കായി രാപകലില്ലാതെ, വിശ്രമമെന്യേ ബാവ ഓടുന്നത് എനിക്കറിയാം. ചില സന്ദർഭങ്ങളിൽ പല കാര്യങ്ങളും പരസ്യപ്പെടുത്താതെ ചെയ്യേണ്ട അനിവാര്യതയുണ്ടാകും. അവിടെയെല്ലാം തെറ്റിദ്ധരിക്കപ്പെടുകയും, വിമർശനത്തിൻ്റെ ക്രൂരമ്പുകൾ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ സ്വകാര്യ ദുഃഖങ്ങളാക്കി തന്റെ ദൗത്യ നിയോഗത്തിൽ മാത്രം ലക്ഷ്യം വച്ചുകൊണ്ട് ബാവ മുന്നോട്ടു പോകുന്നു. സഭയെ സമാധാനത്തിന്റെ തുറമുഖത്തെത്തിച്ച് അച്ചടക്കവും, സുതാര്യതയും, ആത്മീയതയും, സാമൂഹ്യ പ്രതിബദ്ധതയും, ഇന്നിന്റെ വെല്ലുവിളികൾ ഏറ്റെടുത്തും ഉത്തമ സാക്ഷ്യമുള്ള സഭയായി മുന്നോട്ടു നയിക്കുവാനുള്ള ദർശനങ്ങൾ പലപ്പോഴും ഞങ്ങൾ പങ്കുവെക്കാറുണ്ട്. എന്തെല്ലാം നഷ്ടപ്പെട്ടാലും, ഏതെല്ലാം പ്രതിസന്ധികൾ വന്നാലും, ജീവൻ നൽകേണ്ടി വന്നാലും തങ്ങളുടെ പൂർവ്വികർ പകർന്നു നൽകിയ സത്യവിശ്വാസത്തിൽ നില നിൽക്കുന്ന
സഭാ മക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്ന തിരിച്ചറിവിലാണ് ശ്രേഷ്ഠ ബാവ മുന്നോട്ട് പോകുന്നത്.
ശ്രേഷ്ഠ ബാവയുടെ അനുഭവ സമ്പത്തും, വിശാലമായ വ്യക്തിബന്ധങ്ങളും, നേതൃത്വ പാടവവും, സഭയെക്കുറിച്ചുള്ള ദർശനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഒരു യുഗപ്പിറവി സമ്മാനിക്കുമെന്നതിൽ സംശയമില്ല. ഇതര ക്രൈസ്തവ സഭകളുമായുള്ള എക്യൂമെനിക്കൽ ബന്ധങ്ങൾ ശക്തമാക്കുവാനും, വിദ്യാസമ്പന്നവും സമർപ്പിതവുമായ വൈദീകഗണത്തെ വളർത്തിയെടുക്കുവാനും, ആത്മീയ പ്രഭയിലും സാമൂഹ്യപ്രതിബദ്ധതയിലും യാക്കോബായ സുറിയാനി സഭ കൂടുതൽ ശോഭിക്കുവാനും ബാവായുടെ നേതൃത്വത്തിന് കഴിയും.
ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹനിർഭരമായ പ്രാർത്ഥനകളും ആശംസകളും നേരുന്നു. സഭയെ സമാധാനത്തിൻ്റെയും സത്യവിശ്വാസത്തിൻ്റെയും വഴിയിൽ മുന്നോട്ട് നയിക്കുവാൻ ദൈവം അദ്ദേഹത്തെ ശക്തീകരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
