അന്ത്യോഖ്യാ-മലങ്കര ബന്ധത്തിന്റെ നിത്യ സ്മാരകവും പരിശുദ്ധനും പുണ്യവാനുമായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ (1854-1930) 96-ാമത് ദുഃഖ്റോനോ പെരുന്നാൾ മാർച്ച് 19-ന് ആചരിക്കും. പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലും പുണ്യവാന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ദൈവാലയങ്ങളിലും ഭക്തി നിർഭരമായി ഓർമ്മപ്പെരുന്നാൾ കൊണ്ടാടും.
പ്രാർത്ഥനാ ജീവിതം കൊണ്ടും ആത്മീയ ജീവിതചര്യകൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും വിശ്വാസി ഹൃദയങ്ങളിൽ അതുല്യ സ്ഥാനിയായിരുന്നു പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ. പുണ്യവാന്റെ ലളിത ജീവിതവും നിഷ്കളങ്കവും ആകർഷണീയവുമായ പെരുമാറ്റവും കൃത്യനിഷ്ഠയും നിർമ്മലതയും ഉത്തമ മാതൃകയായിരുന്നു. പരിശുദ്ധനായ ബാവായുടെ അത്ഭുത സിദ്ധികൾ അന്നും ഇന്നും വിശ്വാസി സമൂഹം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
മലങ്കരയിൽ ഏതാണ്ട് ജീവിതകാലം മുഴുവൻ സത്യവിശ്വാസ സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിച്ച പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ 1854 ജനുവരി 1-ന് മൊസപൊട്ടോമ്യയിലെ കഫർസൊ ഗ്രാമത്തിൽ ജനിച്ചു. പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു സ്ലീബായുടെ ബാല്യകാലം. ശൈശവത്തിൽ തന്നെ ഒരു സഹോദരി ഒഴികെ ബാക്കി എല്ലാവരും വാങ്ങിപ്പോയി. തന്റെ ബന്ധു ആയ ദനഹാ കശീശായുടെ കൂടെ ആയിരുന്നു ബാലനായ സ്ലീബ വളർന്നത്. പിന്നീട് ദമസ്കോസിലുള്ള ശെമവൂൻ റമ്പാന്റെ കീഴിൽ വിദ്യാഭ്യാസം നേടി.
1880-ൽ ശെമവൂൻ റമ്പാനെ ശെമവൂൻ മോർ അത്താനാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മലങ്കരയിലേക്ക് അയച്ചപ്പോൾ സ്ലീബായ്ക്ക് ശെമ്മാശപട്ടം നൽകി കൂടെ അയച്ചു. ഇരുവരും സുവിശേഷ വേല ചെയ്തും മലങ്കരയിൽ സത്യവിശ്വാസം നിലനിർത്തുന്നതിനായും പോരാടി.
കോട്ടയം പുത്തൻപള്ളിയിലും പഴയ സെമിനാരിയിലും താമസിച്ച് ശുശ്രൂഷകൾ നടത്തി. 1889-ൽ ശെമവൂൻ മോർ അത്താനാസിയോസ് കാലം ചെയ്തത് സ്ലീബാ ശെമ്മാശനെ തളർത്തി. പീന്നീട് ശെമ്മാശൻ പരിശുദ്ധ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനിയുടെ) ശിഷ്യനായി മാറി. 1895 ലെ പരുമല തിരുമേനിയുടെ യെരുശലേം യാത്രയിൽ പിതാവിനോടോപ്പം സ്ലീബ ശെമ്മാശനും ഉണ്ടായിരുന്നു.
1906-ൽ സ്ലീബ മലങ്കരയിൽ നിന്നും തിരിച്ച് മൂസലിലേക്ക് പോയി.1908 മാർച്ച് 2 ന് പരിശുദ്ധ അബ്ദേദ് ആലോഹൊ രണ്ടാമൻ പാത്രിയർക്കീസ് ബാവ മൂസലിലുള്ള നാല്പത് സഹദേന്മാരുടെ പള്ളിയിൽ വച്ച് ഏലിയാസ് മോർ ഈവാനിയോസിനൊപ്പം (പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ്) സ്ലീബാ മോർ ഒസ്താത്തിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചു.1908-ൽ മലങ്കരയിലെ മോർ ദിവന്നാസിയോസിന്റേയും (വട്ടശ്ശേരി) പരിശുദ്ധ മോർ കൂറിലോസിന്റേയും (പാണംപടി) മെത്രാപ്പോലീത്ത വാഴ്ചക്ക് ശേഷമുള്ള മടക്കയാത്രയ്ക്ക് പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബായും ഇവർക്കൊപ്പം പാത്രിയർക്കാ പ്രതിനിധിയായി മലങ്കരയിലേക്ക് വീണ്ടും എഴുന്നള്ളി. വട്ടശ്ശേരിൽ തിരുമേനിയുടെ കാലത്ത് സഭയിലുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി അക്ഷീണം പരിശ്രമിച്ചു.
പരിശുദ്ധ ബാവായ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമോ, വാസസ്ഥലമോ ഉണ്ടായിരുന്നില്ല. മലങ്കരയിലുടനീളം സഞ്ചരിച്ച് സുവിശേഷ പ്രവർത്തനം നടത്തി. സഭാ മക്കളെ വിശ്വാസസ്ഥിരതയിൽ ഉറപ്പിക്കുന്നതിന് മലങ്കരയിൽ ഉടനീളം പ്രവർത്തിച്ചു. പുണ്യവാനായ ബാവ മലേകുരിശിലും, വടവുകോടും, കുന്നംകുളത്തും പള്ളികൾ സ്ഥാപിച്ചു. സണ്ടേസ്കൂൾ, സുവിശേഷ വേല, സ്ലീബദാസ സമൂഹം തുടങ്ങി ഇന്നു മലങ്കരയിൽ കാണുന്ന പ്രസ്ഥാനങ്ങളുടെ ആരംഭകനോ കാരണക്കാരനോ പരിശുദ്ധ ബാവായാണ്.
പരിശുദ്ധ ബാവ കൊണ്ടുവന്ന മോർ കൗമായുടെ തിരുശേഷിപ്പ് വാഴ്ത്തിയ വെള്ളം അനേക രോഗികൾക്ക് സൗഖ്യത്തിന് കാരണമായി. മോർ കൗമാ സഹദായുടെ തിരുശേഷിപ്പ് മലങ്കരയിലെ പള്ളികളിൽ സ്ഥാപിച്ചു. വിജാതിയർ ക്രിസ്തു മാർഗം സ്വീകരിക്കുന്നതിൽ പങ്കു വഹിച്ചു. നല്ല ഒരു ഇടയനായിരുന്ന പരിശുദ്ധ ബാവ തന്റെ ശുദ്ധവും മാലാഖ സദൃശവുമായ സ്വഭാവത്തിനാൽ എല്ലാവരാലും ആദരിക്കപ്പെട്ടവനായി. മലയാളഭാഷ സംസാരിച്ചിരുന്ന ബാവ മെമ്രാകൾ എഴുതിയും ഗ്രന്ഥങ്ങൾ രചിച്ചും സുറിയാനി സഭയെ സമ്പന്നമാക്കി. നോമ്പാലും പ്രാർത്ഥനയാലും വിശുദ്ധ ജീവിതം നയിച്ച പുണ്യവാനായ ബാവ 1930 മാർച്ച് 19 ന് കാലം ചെയ്ത് കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങി. നിരവധി വിശ്വാസികളുടെ മധ്യസ്ഥനായ പിതാവിനെ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 2000 ഏപ്രിൽ 4-ന് പരിശുദ്ധനായി പ്രഖ്യാപിച്ചു.
“നോമ്പാൽ ജനിച്ചു, നോമ്പാൽ വളർന്നു, നോമ്പാൽ ജീവിച്ചു, നോമ്പാൽ എടുക്കപ്പെട്ടു” പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ കബറടക്ക ദിവസം മോർ മിഖായേൽ ദിവന്നാസിയോസ് തിരുമേനിയുടെ അനുസ്മരണ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗമാണിത്. പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയും മദ്ധ്യസ്ഥതയും നമ്മുക്ക് അഭയവും കോട്ടയുമായിരിക്കട്ടെ.

