രക്ഷാകരമായ വലിയനോമ്പിന്റെ ഇരുത്തിയഞ്ചാം ദിനമായ ഇന്ന് (മാർച്ച് 11) ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പാതിനോമ്പ് ആചരിക്കുന്നു. നോമ്പാകുന്ന ആത്മീയ യാത്ര പകുതി ദൂരം പിന്നിടുമ്പോൾ, ഇനിയുള്ള പ്രയാണം കുരിശിൽ നോക്കിയാണെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം നൽകുന്നത്.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനയും വി. സ്ലീബാ ആഘോഷവും പ്രത്യേക ശുശ്രൂഷയോടെ ദൈവാലയ മധ്യത്തിൽ വി. സ്ലീബാ സ്ഥാപനവും നടന്നു. നോമ്പാകുന്ന യാത്ര പകുതി ദൂരം പിന്നിടുമ്പോൾ ദൈവാലയ മധ്യത്തിൽ കുരിശ് പ്രതിഷ്ഠിക്കുന്നത് സഭയുടെ പൗരാണികമായ ആചാരമാണ്. ഇനിയുള്ള യാത്ര കുരിശിലേക്ക് നോക്കിയാണ്.
രക്ഷാകരമായ കർത്താവിന്റെ വി. സ്ലീബായുടെ മഹത്വത്തെ മനസ്സിലാക്കി തരുന്നതാണ് പാതിനോമ്പ്. ഇസ്രായേല്‍ക്കാരുടെ മധ്യേ മോശ പിച്ചളസര്‍പ്പത്തെ നാട്ടുകയും അതിനാല്‍ അഗ്നിസര്‍പ്പത്തിന്റെ കടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തതുപോലെ പള്ളിയുടെ അകത്ത് ജയത്തിന്റേയും ജീവന്റെ അടയാളവുമായ വിശുദ്ധ സ്ലീബാ വച്ചിരിക്കുന്നു. ഇസ്രയേൽ ജനത്തിന്റെ പാളയത്തിന് നടുവിൽ മോശ രക്ഷയുടെ പിച്ചള സർപ്പത്തെ ഉയർത്തിയത് പ്രകാരമാണ് ദൈവാലയങ്ങളുടെ നടുവിൽ കുരിശ് പ്രതിഷ്ഠിക്കുന്നത്.
മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതുപോലെ രക്ഷയുടെ അടയാളവും വിജയത്തിന്റെ ആയുധവുമായ കുരിശിനെ നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മ്മവരുന്നു. മോശ ഉണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശുമരണവും ഉത്ഥാനവും.
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ കർത്താവ് ഇങ്ങനെ പറയുന്നു: “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയത് എങ്ങനെയോ, അങ്ങനെ തന്നിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” (വി. യോഹന്നാന് 3:14-15).
കുരിശിലെ സ്നേഹത്തെയും ത്യാഗത്തെയും ധ്യാനിച്ചുകൊണ്ട്, ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് നമുക്ക് ഈ നോമ്പിൽ യാത്ര തുടരാം. എല്ലാവർക്കും അനുഗ്രഹീതമായ പാതിനോമ്പ് ആശംസിക്കുന്നു.
