പശ്ചിമേഷ്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന യുദ്ധങ്ങൾ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി വിശ്വാസികൾ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
യുദ്ധഭീതിയിലും അരക്ഷിതാവസ്ഥയിലും വിദേശരാജ്യങ്ങളിൽ കഴിയുന്ന സഹോദരങ്ങളെയും, അവരുടെ സുരക്ഷയെ കുറിച്ച് ആശങ്കയോടെ കഴിയുന്ന കുടുംബാംഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു. ഭരണകർത്താക്കൾക്ക് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മനസ്സ് ലഭിക്കട്ടെയെന്ന് ഒന്നായി പ്രാർത്ഥിക്കാം.
യുദ്ധത്തിൻ്റെ കെടുതികൾ അവസാനിക്കുന്നതുവരെ, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബ്ബാനാനന്തരവും മറ്റു പ്രധാന ആത്മീയ കൂടിവരവുകളിലും ലോകസമാധാനത്തിനായും യുദ്ധത്തിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ബാവ വിശ്വാസികൾക്ക് നിർദ്ദേശം നൽകി. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി ബാവ അറിയിച്ചു.
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ
