മണ്ണത്തൂർ ● ആക്രമണങ്ങളും വിദ്വേഷവും അപവാദങ്ങളും വ്യാപകമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസികൾ സമാധാനത്തിന്റെ സന്ദേശവാഹകരായി നിലകൊള്ളണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. “വാക്കുകളിലൂടെ സമാധാനം വിതറുക എന്നതാണ് ഒരു ക്രിസ്തുദാസന്റെ ദൗത്യം,” എന്നും ബാവ പറഞ്ഞു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പണത്തിനുശേഷം നടത്തിയ അനുഗ്രഹപ്രഭാഷണത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്.
നോമ്പുകാലം കേവലം ഒരു ആചാരമല്ല, മറിച്ച് മാറ്റത്തിനായുള്ള തീർത്ഥാടനമാണത്. നമ്മുടെ ജീവിതത്തിലെ ‘ആയിരിക്കുന്ന അവസ്ഥയിൽ’ നിന്ന് ദൈവം ആഗ്രഹിക്കുന്ന ‘ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള’ ആത്മീയ യാത്രയാണ് നോമ്പുകാലമെന്ന് ബാവ പറഞ്ഞു. യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ല. യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല, മറിച്ച് അത് നഷ്ടങ്ങൾ മാത്രമാണ് ലോകത്തിന് സമ്മാനിക്കുന്നതെന്നും ബാവ ചൂണ്ടിക്കാട്ടി.
പുറമെ സുഖസൗകര്യങ്ങൾ അനുഭവിക്കുന്ന പല കുടുംബങ്ങളും ഉള്ളിൽ തകർച്ചയുടെ വക്കിലാണെന്നത് ഇന്നത്തെ വേദനാജനകമായ യാഥാർഥ്യമാന്ന്. യുവജനങ്ങൾ ലക്ഷ്യബോധമില്ലാതെ അലയുന്നതും കുടുംബശൈഥില്യവും ഗൗരവകരമായ വിഷയമാണ്. ഇത്തരം പ്രതിസന്ധികളിൽ ആത്മീയ ചികിത്സാ കേന്ദ്രങ്ങളായ വി. കുമ്പസാരവും പ്രാർത്ഥനയും ആരാധനയും വിശ്വാസികൾ മുറുകെ പിടിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു.
ലഹരിക്കടിമപ്പെട്ട തലമുറയോടും യുദ്ധഭീതിയിൽ കഴിയുന്ന ജനങ്ങളോടും ആത്മീയമായി ഉറങ്ങിക്കിടക്കുന്ന സഭയോടും ‘എഴുന്നേറ്റ് നടക്കുക’ എന്ന വലിയ ഉണർവ്വിൻ്റെ വിളിയാണ് ദൈവം നൽകുന്നത്. “നിന്റെ കിടക്കയെടുത്ത് തളർച്ച മാറ്റിക്കൊണ്ട് എഴുന്നേറ്റ് നടക്കുക. പാപത്തിൽ നിന്നും നിരാശയിൽ നിന്നും വെറുപ്പിൽ നിന്നും ആസക്തികളിൽ നിന്നും എഴുന്നേറ്റ് ക്രിസ്തുവിന്റെ കൃപയിലേക്ക് നടന്നു കയറുക,” എന്ന് ബാവ ഉദ്ബോധിപ്പിച്ചു.
ആലംബഹീനരെയും അശരണരെയും കരുതാത്ത ലോകത്തിൽ രോഗികളെയും വാർദ്ധക്യത്തിലായവരെയും സ്നേഹത്തോടെ പരിചരിക്കാൻ വിശ്വാസികൾ സന്നദ്ധരാകണം. ക്രിസ്തുവിന്റെ രൂപവും ഭാവവും നമ്മുടെ ജീവിതത്തിലൂടെ പ്രകടമാകണം. വിനയത്തോടും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി കുരിശിനെ ലക്ഷ്യമാക്കി നീങ്ങുന്ന ഈ യാത്രയിൽ എല്ലാവരും ക്രിസ്തുവിന്റെ സ്നേഹത്തിൽ പുനർരൂപപ്പെടുവാൻ പരിശ്രമിക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
സഭയിൽ ആർഭാടങ്ങൾക്ക് നിയന്ത്രണം വേണമെന്നും, സഹായം ആവശ്യമുള്ളവർക്ക് ജാതിമതഭേദമന്യേ പിന്തുണ നൽകണമെന്നും ബാവ നിർദ്ദേശിച്ചു. പള്ളികളിലെ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കണമെന്നും, കാരുണ്യത്തിനും, കരുതലിനും പ്രാധാന്യം നൽകണമെന്നും ബാവ പറഞ്ഞു.
പള്ളിയിൽ സാമൂഹിക ക്ഷേമ പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, ഭവന നിർമാണ പദ്ധതിയുടെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ബാവ നിർവഹിച്ചു. 4 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പള്ളിയുടെ നേതൃത്വത്തിൽ നടത്തിയത് ബാവ പ്രശംസിച്ചു.
വികാരി ഫാ. ഡോ. ബോബി തറയാനിയിലിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവായെ ഇടവക വിശ്വാസികൾ സ്വീകരിച്ചു. തുടർന്ന് വി. കുർബ്ബാനയ്ക്കു ശേഷം അനുമോദന സമ്മേളനം നടത്തി. ഫാ. ഡോ. ബോബി തറയാനിയിൽ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ ജെബി കെ. ജോൺ, ഫാ. ഡോ. ബോബി തറയാനി, പ്ലസ് വൺ പരീക്ഷയിൽ 5-ാം റാങ്ക് നേടിയ മരിയ സാബു, ചിത്രകാരൻ ജയശങ്കർ, മാധ്യമ രംഗത്തെ പ്രവർത്തകരായ മനു അടിമാലി, എൻ.സി വിജയകുമാർ, വിൽസൺ മാത്യു, ലിബിൻ തോമസ് എന്നിവരെ ആദരിച്ചു. ചിത്ര രചനാ മത്സരത്തിൽ വിജയികളായ അലീന എബിൻ തോമസ്, എയ്മി എലിസബത്ത് സുനിൽ എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, ദീപ എബി, അനിത ബേബി, മഞ്ജുഷ സുരേഷ്, ഫാ. മാത്യുസ് പുഴിക്കോളയിൽ, ഫാ. തോമസ് കാക്കൂർ, ഫാ. ജിനോ ജോണി, ബിജു ജോൺ, സണ്ണി മണ്ടാനത്ത്, ടിന്റു മാത്യു, ട്രസ്റ്റിമാരായ കെ.ജെ. തോമസ്, എം.സി. ബെന്നി എന്നിവർ പ്രസംഗിച്ചു.











