ദുബായ് ● ലോകജനത മുഴുവനും യുദ്ധഭീതിയിലും ആശങ്കയിലും ആയിരിക്കുന്ന ഈ നാളുകളിൽ യുദ്ധങ്ങൾ അവസാനിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും വേണ്ടി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖലയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു.
മനുഷ്യരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന യുദ്ധസാഹചര്യങ്ങൾ മാറി ലോകത്ത് ശാന്തിയും സൗഹൃദവും പുനഃസ്ഥാപിക്കപ്പെടണമെന്ന ആഗ്രഹത്തോടെ വിശ്വാസികൾ ഒരുമിച്ചു പ്രാർത്ഥനയിൽ ചേരുകയാണ്. ശത്രുതയിലായിരിക്കുന്ന രാഷ്ട്രങ്ങളും ജനതകളും ഈ നോമ്പുകാലത്ത് ദൈവകൃപയാൽ രമ്യതയുടെ വഴിയിലേക്ക് തിരിയണമെന്ന ആത്മാർത്ഥ പ്രാർത്ഥനയാണ് സംഗമത്തിന്റെ ലക്ഷ്യം.
മാർച്ച് 6 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ 10 മണി വരെയാണ് പ്രാർത്ഥനാ സമയം ക്രമീകരിച്ചിരിക്കുന്നത്. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ യു.എ.ഇ യിലെ വിശ്വാസികൾ തങ്ങൾ കഴിയുന്ന ഇടങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേരും.
”സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്തായി 5:9) എന്ന തിരുവചനത്തെ മുൻനിർത്തി പ്രാർത്ഥനാ ദിനം ആചരിക്കുന്നത്.
യു.എ.ഇ മേഖലയിലെ മുഴുവൻ വിശ്വാസികളും നിശ്ചയിച്ചിട്ടുള്ള സമയത്ത് തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
