മെൽബൺ ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മെൽബൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ഓസ്ട്രേലിയൻ അപ്പോസ്തോലിക സന്ദർശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ ബാവ ഇടവകയിൽ എഴുന്നള്ളിയെത്തിയത്.
ഓസ്ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായിരുന്നു. സുറിയാനി സഭയിലെ വൈദികർക്ക് പുറമെ, ഈജിപ്ഷ്യൻ ഓർത്തഡോക്സ് സഭയിലെയും മലങ്കരയിലെ വിവിധ സഹോദര സഭകളിലെയും വൈദികരും മലങ്കര ആർച്ച് ഡയോസിസ് ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കുചേർന്നു.
ക്രിസ്തുസാക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും ആത്മീയതയിൽ വളരാനും വിശ്വാസികളെ ആഹ്വാനം ചെയ്ത പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം പ്രവാസലോകത്തെ വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് നൽകിയത്. ചടങ്ങിൽ വികാരി ഫാ. കുര്യാക്കോസ് ജേക്കബ് ഇടവകയ്ക്ക് വേണ്ടിയും, ഫാ. ഡാനിയേൽ പൗലോസ് ഭദ്രാസനത്തിന് വേണ്ടിയും പരിശുദ്ധ ബാവയ്ക്ക് നന്ദി രേഖപ്പെടുത്തി.














