പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തില്‍ 2026 നവംബർ 13 വെള്ളിയാഴ്ച മലങ്കരയില്‍ നടത്തപ്പെടുന്ന വി. മൂറോന്‍ കൂദാശയ്ക്ക് മുന്നോടിയായുള്ള വി. തൈലക്കൂട്ടിന്റെ ഒരുക്ക ശുശ്രൂഷകള്‍ക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ തുടക്കമായി. തിങ്കളാഴ്ച വൈകിട്ട് പ്രത്യേകം തയ്യാറാക്കി കൂദാശ ചെയ്ത ബെത്ഗാസൊ മുറിയില്‍ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരി തെളിയിച്ച് പ്രാരംഭ കർമ്മങ്ങൾക്ക് ആരംഭം കുറിച്ചു.
1876-ല്‍ ആദ്യമായി മലങ്കരയില്‍ പരി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ വി. മൂറോന്‍ കൂദാശ നിര്‍വഹിച്ചതിന്റെ 150-ാംവാര്ഷികത്തോടനുബന്ധിച്ചാണ് വീണ്ടും വി. മൂറോന്‍ കൂദാശ നടത്തപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ ചടങ്ങിന് മുന്നോടിയായി വിശുദ്ധ തൈലക്കൂട്ടിന്റെ ഒരുക്കങ്ങൾ സഭയുടെ പാരമ്പര്യവും ആചാരക്രമങ്ങളും അനുസരിച്ച് ആരംഭിച്ചു.
1876-ല്‍ വി. മൂറോന്‍ കൂദാശ നടന്ന മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്ന് വൈകിട്ട് 4.00 മണിയ്ക്ക് തിരുവനന്തപുരം മേഖലയുടേയും വൈദിക സെമിനാരിയുടേയും മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത വി. മദ്ബഹായില്‍ നിന്ന് പകര്‍ന്ന് തെളിയിച്ച് കൊണ്ടുവന്ന തിരിനാളം ശ്രേഷ്ഠ ബാവ ഏറ്റുവാങ്ങി. തുടര്‍ന്ന് സഭാ ആസ്ഥാനത്തുള്ള പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ബെത്ഗാസൊ മുറിവരെ പ്രദക്ഷിണമായി സഭാ ഭാരവാഹികളും ബഹു. വൈദീകരും, കന്യാസ്ത്രീകളും വിശ്വാസികളും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായും അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരും, ബഹു. വൈദീകരും അകത്ത് പ്രവേശിച്ച് പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കു ശേഷം തൈലം ക്രമപ്പെടുത്തുന്ന അടുപ്പിലേയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ അഗ്നി പകര്‍ന്നു.
പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകൾക്ക് അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. ഐസക് മോര് ഒസ്താത്തിയോസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ്, അഭി. ഏലിയാസ് മോര് യൂലിയോസ്, അഭി. ഗബ്രിയേല്‍ മോര് ഗ്രിഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും നേതൃത്വം നല്കി. ബഹു. വൈദീകരും, സഭാ വര്‍ക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഭക്തസംഘടനാ ഭാരവാഹികളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ നിശ്ചയിക്കപ്പെട്ട മെത്രാപ്പോലീത്താമാരുടേയും വൈദീകരുടേയും നേതൃത്വത്തില്‍ തൈല ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത, മീഡിയാ സെല്‍ ചെയര്മാന്
പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്റര്‍
13/10/2026

