മുംബൈ ● സഭയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ മാതൃകാപരമായ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്നു മുംബൈ ഭദ്രാസനം നൽകിയ സ്വീകരണ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
‘ശ്രേഷ്ഠ കാതോലിക്ക ബാവായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മറ്റു സഭകളുടെ പൂർണപിന്തുണ ലഭിക്കുന്നുണ്ട്. മാർത്തോമ്മാ സഭയും മലങ്കര കത്തോലിക്കാ സഭയും സിറോ മലബാർ സഭയും ലത്തീൻ സഭയും മറ്റു സഭകളുമെല്ലാം വലിയ പിന്തുണ നൽകുന്നുണ്ട്. എല്ലാറ്റിലും ഒരു ശാന്തതയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം’- ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
സമൃദ്ധിയുടെയും സമാധാനത്തിന്റെയും മണ്ണാണു മഹാരാഷ്ട്ര. ഈ മണ്ണിൽ അഭിമാനത്തോടെയാണു നാം ജീവിക്കുന്നത്. ആത്മാർഥമായ പിന്തുണയാണ് എല്ലാ മേഖലകളിൽ നിന്നും സഭയ്ക്കു ലഭിക്കുന്നത്. മുംബൈ ഭദ്രാസനത്തിന്റെ സ്വീകരണം ഗംഭീരമായി. മുതിർന്നവരും കുട്ടികളും അടക്കം ദൂരദേശത്ത് നിന്നുള്ളവർ പോലും ഇവിടേക്ക് എത്തിയതു സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്.
‘മാറിവരുന്ന കാലഘട്ടത്തിൽ ഭാരതത്തിലെ സഭ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്’- മലങ്കര കത്തോലിക്കാ സഭ പുണെ – ഖഡ്കി ബിഷപ്പ് ഡോ. മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
‘യേശുക്രിസ്തു അഭിമുഖീകരിച്ച വെല്ലുവിളികൾ ഇപ്പോഴും ക്രൈസ്തവ സഭ നേരിടുന്നുണ്ട്’ – മാർത്തോമ്മാ സഭ ബോംബെ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബിഷപ് പ്രഭു ഡി.ജബമണി (സിഎൻഐ), മുൻ എംഎൽസി ചരൺ സിങ് ചപ്ര, ഭദ്രാസനം സെക്രട്ടറി ഫാ. ബിനോയി നെല്ലിക്കാത്തുരുത്തേൽ, ജനറൽ കൺവീനർ ഫാ. ജോസഫ് വാഴയിൽ, അൽമായ സെക്രട്ടറി ടി.എ. ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മുംബൈ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സ്നേഹോഷ്മള സ്വീകരണം നൽകി. മുത്തുക്കുടകൾ, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ സിറ്റി ഓഫ് ജോയ് ജംക്ഷനിൽ നിന്നു സെൻ്റ് ഗ്രിഗോറിയോസ് പള്ളിയിലേക്കു ബാവായെ സ്വീകരിക്കുമ്പോൾ മുളുണ്ട് ആവേശത്തിരയിലായി.
വൈദികരും സഭാവിശ്വാസികളും അടക്കം രണ്ടായിരത്തിലധികം പേരാണു മുംബൈ ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി അവിടേക്ക് എത്തിയത്. വിശ്വാസ പതാകകളേന്തിയവർ ആർപ്പുവിളിയോടെ ബാവായെ പള്ളിയങ്കണത്തിലേക്ക് ആനയിച്ചു. പിന്നാലെ പുഷ്പവർഷവും കരിമരുന്ന് പ്രയോഗവും നടത്തി.
നെരുൾ സെൻ്റ് തോമസ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു സ്വീകരണം നൽകി. തുടർന്ന് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന നടന്നു. കാലാപുരിൽ സ്കൂൾ മന്ദിരം, റിട്ടയർമെന്റ് ഹോം എന്നിവയുടെ തറക്കല്ലിടൽ ബാവ നിർവഹിച്ചു. ചടങ്ങിൽ ശ്രീരംഗ് ബാർണെ എംപി, മഹേന്ദ്ര തോർവെ എം എൽഎ. ഇ.വി.തോമസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.









