മനാമ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്നു. ബഹ്റൈൻ എയർപോർട്ടിൽ എത്തിയ ബാവായെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠർ, പള്ളി ഭാരവാഹികൾ, ഇടവക ജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു.
ഇന്ന് ഒക്ടോബർ 23 വ്യാഴം വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനം ശ്രേഷ്ഠ ബാവ നിർവഹിക്കും.
ഒക്ടോബർ 24 വെള്ളിയാഴ്ച രാവിലെ 6:45-ന് പ്രഭാത നമസ്കാരം ആരംഭിക്കും. തുടർന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ ബാവായ്ക്ക് വിപുലമായ സ്വീകരണവും അനുമോദന സമ്മേളനവും സൽമാബാദിലുള്ള ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തും. പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയായിരിക്കും. ബഹ്റൈൻ ഗവൺമെന്റ് പ്രതിനിധികൾ സമ്മേളനത്തിൽ ആതിഥേയത്വം വഹിക്കും.
നോർത്ത് അറേബ്യയിലെ അപ്പോസ്റ്റോലിക് വികാർ അൽദോ ബറാദി, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക നേതാക്കന്മാർ, വിവിധ സഭാപ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.










