കൊച്ചി ● അനുരഞ്ജനത്തിൻ്റെ പാതയിലൂടെ മുന്നോട്ട് പോകാൻ തയ്യാറായാൽ സഭകളുടെ കൂട്ടായ്മ സാധ്യമാകുമെന്നും ചില സന്ദർഭങ്ങളിൽ മനഃസാക്ഷിക്കനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. എറണാകുളം വൈ.എം.സി.എ. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കും സി.എസ്.ഐ. കൊച്ചി മഹാ ഇടവക ബിഷപ്പ് റവ. കുര്യൻ പീറ്ററിനും നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബാവ.
ക്രിസ്തുവിൽ ഒന്നാണെന്ന ചിന്തയുണ്ടായാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. സമാധാനം പുലരണമെന്നും സഭാ തർക്കം അവസാനിക്കണമെന്നുമാണ് തൻ്റെ ആഗ്രഹമെന്നും എല്ലാവരിലും അത്തരം ചിന്ത ഉണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നതായും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
വൈ.എം.സി.എ. മുൻ ദേശീയ പ്രസിഡൻ്റ് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ. പ്രസിഡൻ്റ് മാത്യു മുണ്ടാട്ട് അധ്യക്ഷനായിരുന്നു. സി.എസ്.ഐ. കൊച്ചി മഹാ ഇടവക ബിഷപ്പ് റവ. കുര്യൻ പീറ്റർ, റിലീജിയസ് കമ്മിറ്റി ചെയർമാൻ വി. ഏബ്രഹാം സൈമൺ, എറണാകുളം വൈ.ഡബ്ല്യു.സി.എ. പ്രസിഡൻ്റ് ഷേർളി പൗലോസ്, വൈ.എം.സി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഡോ. ടെറി തോമസ് എടത്തൊട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ, ട്രഷറർ റെജി കെ. ജോർജ്, ജനറൽ സെക്രട്ടറി ആൻ്റോ ജോസഫ്, അസോഷ്യേറ്റ് സെക്രട്ടറി സജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.






