
ഡബ്ലിൻ ● ദൈവം നമ്മോടു കൂടെയുണ്ട് എന്ന് നാം ഓർക്കുമ്പോൾത്തന്നെ, നമ്മൾ ദൈവത്തോടൊപ്പമാണോ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
യൂറോപ്പിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവും പരിശുദ്ധ ദൈവമാതാവിൻ്റെ പ്രത്യക്ഷതയാൽ അനുഗ്രഹീതമായതുമായ
അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ നോക്ക് പള്ളിയില്‍ വിശുദ്ധ കുർബ്ബാന അർപ്പിച്ചതിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ദൈവത്തിൻ്റെ കൂടെ സഞ്ചരിക്കുന്നവരായി നാം മാറണം. നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കഴിയുമെന്ന് പരിശുദ്ധ അമ്മയും പിതാക്കന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആത്മീയ തീക്ഷ്ണതയോടും പരിശുദ്ധാത്മാവിൻ്റെ പ്രേരണയോടുംകൂടി നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു.
നാം എത്ര വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും, ദൈവം നമ്മോടൊപ്പമുണ്ട്, നാം ദൈവത്തോടൊപ്പമാണ് സഞ്ചരിക്കുന്നതെന്നുമുള്ള ബോധ്യം വ്യക്തിയായും കുടുംബമായും സമൂഹമായും നമുക്ക് സാക്ഷ്യപ്പെടുത്താൻ സാധിക്കുമ്പോഴാണ് നമ്മുടെ ജീവിതം ലക്ഷ്യത്തിലെത്തുന്നതെന്നും ബാവ കൂട്ടിച്ചേർത്തു.
നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ടാകണം. ദൈവത്തിൻ്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിക്കാൻ മനസ്സുവെച്ചാൽ അവിടെയെല്ലാം പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ടാകുമെന്നത് ഉറപ്പാണ്. നമ്മുടെ കുടുംബജീവിതത്തിൽ സ്നേഹം, സൗഹൃദം, സഹനം, സാഹോദര്യം, പങ്കുവെക്കൽ എന്നിവയുടെ മനോഭാവം വളർത്താൻ തിരുക്കുടുംബം നമ്മെ നയിക്കണം. “അമ്മയുടെ സാന്നിധ്യം വീട്ടിലുണ്ടാവണം, അമ്മ നമ്മുടെ ജീവിതത്തിലുണ്ടാവണം,” ബാവ പറഞ്ഞു.
നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അപ്പുറമായി ദൈവത്തിൻ്റെ ഇഷ്ടം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടത്. നിരന്തരമായ പ്രാർത്ഥനയിലൂടെയും മധ്യസ്ഥതയിലൂടെയും നാം അതിനായി അന്വേഷിക്കണം. “ദൈവത്തോടൊപ്പം നടക്കുന്ന മനുഷ്യർ, മനുഷ്യരോടൊപ്പം നടക്കുന്ന ദൈവം – ഈ കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ടതാണെന്നും ബാവ ഊന്നിപ്പറഞ്ഞു. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്ക്കുന്ന ഈ പുണ്യ പുരാതന ദൈവാലയത്തിൽ വി. കുർബ്ബാന അർപ്പിക്കാൻ സാധിച്ചത് ആഗ്രഹ സഫലീകരണമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
നേരത്തെ, ചരിത്രപ്രസിദ്ധമായ നോക്ക് പള്ളിയില്‍ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനായി എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണമാണ് അയർലണ്ടിലെ വിശ്വാസി സമൂഹം നൽകിയത്. ഇരുപത് യാക്കോബായ സുറിയാനി ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹാദരമേകി. വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ശ്രേഷ്ഠ ബാവായുടെ സ്ഥാന ലബ്ധിയിൽ അനുമോദനം നൽകി.
അയര്‍ലണ്ട് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോര് അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്കറിയ, അനേകം വൈദികർ, ഭദ്രാസന ഭാരവാഹികൾ, കൗണ്‍സില്‍ അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.












