പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പും, പാത്രിയാർക്കൽ കൗൺസിലറുമായിരുന്ന അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത (93) ദേഹവിയോഗത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചിച്ചു.
അരനൂറ്റാണ്ടിലേറെക്കാലം മെത്രാപ്പോലീത്തയായി സഭാ സേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിൻ്റെ ശുശ്രൂഷകളും സംഭാവനകളും നിസ്തുലമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും സുറിയാനി ഭാഷയിലും പണ്ഡിതനായിരുന്നു. 1994 ജനുവരി 16 ന് ഡമാസ്കസിൽ നടന്ന തൻ്റെ മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിൽ അദ്ദേഹം സന്നിഹിതനായിരുന്നതും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ പരിശുദ്ധ സഭയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് അയച്ച സന്ദേശത്തിൽ രേഖപ്പെടുത്തി.
1932 ൽ ഇറാക്കിലെ മൊസൂളിൽ ജനിച്ച അദ്ദേഹം 1969 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. അനേകം പ്രാവശ്യം മലങ്കരയിൽ സന്ദർശനം നടത്തിയിട്ടുള്ള അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത 1994 ൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിലും കാർമികത്വം വഹിച്ചിട്ടുണ്ട്.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
18/07/2025
