
മുളന്തുരുത്തി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കു മാതൃ ഇടവകയായ മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. വൈകിട്ട് ശ്രേഷ്ഠ ബാവായെ കരവട്ടേക്കുരിശിൽ നിന്നു പള്ളിയിലേക്കു വിശ്വാസികൾ സ്വീകരിച്ചാനയിച്ചു. ശേഷം സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ പുനരുദ്ധാരണം നടത്തിയ മാർത്തോമൻ യാക്കോബായ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ അവസാന ഘട്ടം നടന്നു. അഭിവന്ദ്യരായ ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലിമ്മീസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. അനേകം വൈദികർ സംബന്ധിച്ചു.
തുടർന്നു നടന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാട നം ചെയ്തു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, പഞ്ചായത്ത് അംഗം കെ.പി. മധുസുദനൻ, പള്ളി സെക്രട്ടറി അനിൽ ജേക്കബ് പൊനോടത്ത് എന്നിവരും ശ്രേഷ്ഠ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും പ്രസംഗിച്ചു.
ദുഃഖ്റോനോ പെരുന്നാൾ ദിവസമായ ഇന്നു ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ക്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വി. കുർബ്ബാന അർപ്പിക്കപ്പെട്ടു. വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്തിലിന് കുരിശുമാല നൽകി ശ്രേഷ്ഠ ബാവ ആദരിച്ചു. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.

























