
ബാംഗ്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ ആദ്യ ദൈവാലയവും ശ്രേഷ്ഠ കാതോലിക്ക ബാവ വൈദികനായിരുന്ന കാലഘട്ടത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും പുതിയ ദൈവാലയ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു പൂർത്തീകരിക്കുകയും ചെയ്ത ഭാരതത്തിലെ ഏക ദൈവാലയവുമായ ബാംഗ്ലൂർ ക്യൂൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപനവും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ജൂലൈ 6 ഞായറാഴ്ച നടക്കും.
ഞായറാഴ്ച രാവിലെ 7.30 ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും തുടർന്ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമികത്വത്തിലും ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെയും മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെയും സഹ കാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും പൊതുസമ്മേളനവും നടക്കും.
2024 ഫെബ്രുവരിയിൽ നടന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അപ്പോസ്തോലിക സന്ദർശന വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം പരിശുദ്ധ ബാവ നിർവഹിച്ചിരുന്നു. അതിനോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന വിവിധങ്ങളായ ജൂബിലി പരിപാടികളുടെ സമാപനവും ഇതോടൊപ്പം ശ്രേഷ്ഠ ബാവ നിർവഹിക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
