
പുത്തൻകുരിശ് ● സിറിയയിൽ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് ദൈവാലയത്തിലുണ്ടായ അതിദാരുണമായ ഭീകരാക്രമണത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അപലപിച്ചു.
പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെയുണ്ടായ ഭീകരാക്രമണം അത്യന്തം വേദനാജനകമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ഭീകരാക്രമണത്തിൽ ഇന്ത്യയിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഗാധമായ ദുഃഖം ശ്രേഷ്ഠ കാതോലിക്ക ബാവ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ അറിയിച്ചു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രേഷ്ഠ ബാവ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
മധ്യപൂർവ്വേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്നവരെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു. യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല. യുദ്ധവും ഭീകരവാദ പ്രവർത്തനങ്ങളും മാനവരാശിയുടെ നാശത്തിനല്ലാതെ ശാശ്വത സമാധാനത്തിനുള്ള പരിഹാരമല്ലെന്നുള്ള തിരിച്ചറിവ് രാഷ്ട്ര തലവന്മാർക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.
മനുഷ്യകുലത്തെയും ലോകസമാധാനത്തെയും നശിപ്പിക്കുന്ന യുദ്ധങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും അവസാനിക്കാൻ പ്രാർത്ഥിക്കുന്നതായും ലോകത്ത് സമാധാനാന്തരീക്ഷം എന്നും നിലനിൽക്കട്ടെയെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
23/06/2025

