
കോതമംഗലം ● മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. മാർ ബസ്സേലിയോസ് ഡെന്റൽ കോളേജിന്റെ ആബൂൻ മോർ ബസ്സേലിയോസ് തോമസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ
ഫ്ലവേഴ്സ് ടിവിയുടെ മാനേജിങ് ഡയറക്ടറും 24 ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ബി.എം.എം. അസ്സോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ,
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ, മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, നെല്ലിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.എം. മജീദ്, മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുരിയൻ, എം.ബി.എം.എം അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി കെ.ഓ. എന്നിവർ പ്രസംഗിച്ചു.
ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മാർ ബസ്സേലിയോസ് ഡെന്റൽ കോളേജിന്റെ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. കോളേജിന്റെ 2025- 2026 പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ന്യൂസ് ലെറ്റർ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. തുടർന്ന് ഇംപ്ലാന്റോളജി ഫെലോഷിപ്പ് പ്രോഗ്രാമിന് ആന്റണി ജോൺ എം.എൽ.എ ആരംഭം കുറിച്ചു.
എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ ബിബിൻ ജോൺ എന്നിവർ ചേർന്ന് മുഖ്യാതിഥികൾക്കു ഉപഹാരം നൽകി. ചടങ്ങിൽ മാർത്തോമാ ചെറിയ പള്ളി ഭരണ സമിതി അംഗങ്ങൾ, എം.ബി.എം.എം അസ്സോസിയേഷന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഡോക്ടർസ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


