
തിരുവാങ്കുളം ● മഹാരാഷ്ട്ര ഗവർണർ ശ്രീ. സി.പി. രാധാകൃഷ്ണൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു.
തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന കൂടിക്കാഴ്ചയിൽ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. ജോഷി ചിറ്റേത്ത്, മോഹൻ വെട്ടത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ ഗവർണറെ ശ്രേഷ്ഠ ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഗവർണർ ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്തു.
സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ബഹു. കേന്ദ്ര ഗവൺമെൻ്റും ഗവർണറും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് സഭയുടെ പിന്തുണ ഗവർണർ ആവശ്യപ്പെടുകയും ശ്രേഷ്ഠ ബാവ സഭയുടെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.









